അഹമ്മദാബാദ്: ഗുജറാത്ത് ദളിത് സമരനായകന്‍ ജിഗ്നേഷ് മേവാനിയെ പോലീസ് തടവില്‍ നിന്നും വിട്ടയച്ചു. ശനിയാഴ്‌ച പുലര്‍ച്ചയോടെയാണ് വിട്ടയച്ചത്. കഴിഞ്ഞ ദിവസം രാത്രി ഗുജറാത്തിലേക്ക് മടങ്ങിയെത്തിയപ്പോഴായിരുന്നു പോലീസ് ജിഗ്നേഷിനെ കസ്‌റ്റഡിയിലെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷ പരിപാടിയെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ ചോദ്യം ചെയ്യാനാണ് കസ്‌റ്റഡിയിലെടുത്തതാണെന്നാണ് പോലീസ് ഭാഷ്യം. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും അറസ്‌റ്റ് ചെയ്‌ത അദേഹത്തെ പോലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ ദീപന്‍ ബര്‍ദന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്‌ത ശേഷം ഇയാളെ വിട്ടയക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നുമാണ് ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതെസമയം മേവാനിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍ പ്രതിഷേദങ്ങള്‍ സംഘടിപ്പിക്കാന്‍ ഇടയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്. ഒക്ടോബര്‍ ഒന്നു മുതല്‍ ട്രെയിന്‍ തടയല്‍ സമരം ആരംഭിക്കുമെന്ന് അറസ്‌റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് ജിഗ്നേഷ് ഡല്‍ഹിയില്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ ദളിത് കുടുംബങ്ങള്‍ക്കും അഞ്ച് ഏക്കര്‍ ഭൂമി വീതം നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്ത സഹചര്യത്തിലായിരുന്നു സമര പ്രഖ്യാപനം.




