വിസ രഹിത സന്ദര്‍ശനം;കുറഞ്ഞ വരുമാനക്കാര്‍ക്കും ഖത്തരിലേക്ക് കുടുംബത്തെ കൊണ്ടുവരാം

ദോഹ: ഖത്തറിലേക്ക് ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി പ്രഖ്യാപിച്ച പുതിയ വിസ രഹിത സന്ദര്‍ശന അനുമതി രാജ്യത്തെ വിദേശികള്‍ക്കും താല്‍ക്കാലികമായി കുടുംബത്തെ കൊണ്ടുരാവുള്ള സുവര്‍ണാവസരമാകുന്നു. ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുതിയ പ്രഖ്യാപനം അനുഗ്രഹമാകുമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി ചീഫ് എഡിറ്റര്‍ ഖാലിദ് സിയാറ പറഞ്ഞു.

വിസയില്ലാതെ ഇന്ത്യയുള്‍പ്പെടെ 47 രാജ്യങ്ങളില്‍ നിന്നെത്തുന്ന വിദേശികള്‍ക്ക് 30 ദിവസം മുതല്‍ 60 ദിവസം വരെയും 33 രാജ്യക്കാര്‍ക്ക് 90 ദിവസം വരെയും രാജ്യത്ത് തങ്ങാനുള്ള അനുമതിയാണ് ഖത്തര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഖത്തറിന്റെ ടൂറിസം മേഖലെയും വ്യാപാരമേഖലെയും മാത്രമല്ല രാജ്യത്തെ ആയിരക്കണക്കിന് കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് തങ്ങളുടെ കുടുംബത്തെ താല്‍ക്കാലികമായി കൂടെ താമസിപ്പിക്കാനുള്ള അവസരം കൂടെയാണെന്ന് മുതിര്‍ന്ന കോളമിസ്റ്റ് കൂടിയായ ഖാലിദ് സിയാറ വ്യക്തമാക്കി.

സ്വദേശികളായ തൊഴിലുടമകളുടെ സഹകരണത്തോടെ രാജ്യത്തെ എല്ലാ വിഭാഗം വിദേശികള്‍ക്കും ഈ പ്രഖ്യാപനം പ്രയോജനപ്പെടുത്താനാകും. ഖത്തര്‍ പ്രഖ്യാപിച്ച ഈ പരിഷ്‌കരണത്തിന്റെ ഏറ്റവും വിലയ ഗുണഭോക്താക്കള്‍ ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാര്‍ തന്നെയെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും ഖാലിദ് സിയാറ വ്യക്തമാക്കി.