ദോഹയില്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്ന നിയമത്തിന്‌ അംഗീകാരം

Untitled-1 copyദോഹ: വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്‌ തയ്യാറാക്കിയ നിയമത്തിന്‌ മന്ത്രിസഭാ അംഗീകാരം. ശൂറ കൗണ്‍സില്‍ നേരത്തെ പരിശോധിച്ച്‌ അഭിപ്രായം രേഖപ്പെടുത്തിയ നിയമത്തിന്റെ കരടിനാണ്‌ പ്രധാനമന്ത്രി ശൈഖ്‌ അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ അംഗീകാരം നല്‍കിയത്‌. വ്യക്തിഗത വിവരങ്ങള്‍ സ്വകാര്യമാക്കി വെക്കാന്‍ അവകാശം നല്‍കുന്നതാണ് നിയമം. വാണിജ്യ താല്‍പര്യാര്‍ഥം വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിക്കുന്നതും മുന്‍കൂര്‍ അനുമിതിയില്ലാതെ സന്ദേശമയക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതുമാണ് നിയമം. നിയമലംഘകര്‍ക്ക് കനത്ത ശിക്ഷയും നിയമം വ്യവസ്ഥ ചെയ്യുന്നു.

സിവിലിയന്‍ ബഹുമതികള്‍ നല്‍കുന്നത് സംബന്ധിച്ചുള്ള കരട് നിയമം നടപ്പില്‍ വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും മന്ത്രിസഭ തീരുമാനിച്ചു. ശൂറാ കൗണ്‍സില്‍ ശിപാര്‍ശകള്‍കൂടി പരിഗണിച്ചാണ് നിയമം അംഗീകരിച്ചത്. അമീരി തീരുമാനപ്രകാരമാണ് സിവിലിയന്‍ ബഹുമതി തീരുമാനിക്കുക. ശൈഖ് ജാസിം ബിന്‍ മുഹമ്മദ് അല്‍ താനിയുടെ വാള്‍, പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ ഥാനിയുടെ അരപ്പട്ട, അല്‍ വജ്ബ എന്നീ പേരുകളില്‍ പൗര ബഹുമതികള്‍ നല്‍കുന്നതിനാണ് തീരുമാനം. അമീര്‍ ഒപ്പു വെച്ച പ്രശംസാപത്രം വഴിയാണ് സിവിലിയന്‍ ബഹുമതി നല്‍കുക. ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും. അമീരി ദിവാന്‍ പ്രോട്ടോകോള്‍ ഓഫീസിനാണ് ഉത്തരവാദിത്തം.
സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ രൂപവല്‍കരണവുമായി ബന്ധപ്പെട്ട കരട് നിയമത്തിന് മന്ത്രിസഭ അംഗീകരിച്ച് ശൂറ കൗണ്‍സിലിന്‍െറ പരിഗണനക്കു വിട്ടു. അമീറിന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ സ്വതന്ത്ര നിയമസ്ഥാപനമായിരിക്കും ഓഡിറ്റ് ബ്യൂറോ.
രാജ്യത്തിന്‍െറ ധനവും വിനിയോഗവും പരിശോധിക്കുകയും രാജ്യത്തിന്‍െറ അധികാര പരിധിയില്‍ വരുന്ന മറ്റു ഇടപാടുകള്‍ നിരീക്ഷിച്ച് അഭിപ്രായം അറിയിക്കുകയുമാണ് ബ്യൂറോയുടെ ചുമതല. സാമ്പത്തിക വിനിയോഗത്തിലെ ക്രമവിരുദ്ധത അന്വേഷിക്കുകയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അമീറിന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും.
പെട്രോളിയും ഉല്‍പന്നങ്ങള്‍ രാജ്യത്തിന് പുറത്ത് വിപണനം ചെയ്യന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന നിയമഭേഗതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. നേരത്തെയുണ്ടായിരുന്ന നിയമങ്ങള്‍ ഭേദഗതി ചെയ്യുന്ന കരട് ശൂറ കൗണ്‍സില്‍ പരിശോധിക്കും. കാര്‍, ലിമോസിന്‍, റെന്‍റ് എ കാര്‍ സ്ഥാപനങ്ങളുടെ ലൈസന്‍സിങ്, സൗകര്യങ്ങള്‍, നിലവാരം എന്നിവയ വ്യവസ്ഥ ചെയ്യുന്ന രണ്ടു നിയമങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. മന്ത്രാലയം നിര്‍ദേശിക്കുന്ന മാതൃകയില്‍ വാടകകരാര്‍ തയാറാക്കുന്നതിനും നിയമം നിര്‍ദേശിക്കുന്നു. ആകെ 13 തീരുമാനങ്ങളാണ് ഇന്നലെ മന്ത്രിസഭ എടുത്തത്.