ദോഹയില്‍ ‘എ പാസേജ് ടു ഇന്ത്യ’ക്ക് തുടക്കമായി

Doha-Excitingദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ കത്താറയില്‍ സംഘടിപ്പിക്കുന്ന ‘എ പാസേജ് ടു ഇന്ത്യ’ക്ക് വര്‍ണാഭമായ തുടക്കം. ഇന്ത്യയുടെ 66-ാമത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചാണ് മൂന്നാമത് ‘എ പാസ്സേജ് ടു ഇന്ത്യ’ സംഘടിപ്പിക്കുന്നത്. പ്രദര്‍ശനം ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറയും കത്താറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് അല്‍ സുലൈത്തിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
തെയ്യം, കഥകളി എന്നിങ്ങനെ മലയാളത്തിന്റെ തനതുകലയുടെ വേഷങ്ങള്‍ ഉദ്ഘാടന ചടങ്ങിന് മിഴിവേകി. ബള്‍ഗേറിയന്‍ അംബാസഡര്‍ ഡോ. നികോള ബോറിസോവ് ഇവാനോവ്, സൗത്ത് കൊറിയന്‍ അംബാസഡര്‍ ചുങ് കീജോങ്, ഐ സി സി പ്രസിഡന്റ് ഗിരീഷ് കുമാര്‍, ഐ സി ബി എഫ്, ഐ ബി പി എന്‍, ഐ സി സി ഭാരവാഹികള്‍, കതാറയിലെ ഉദ്യോഗസ്ഥര്‍, വിവിധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. പരമ്പരാഗത ഇന്ത്യന്‍ വേഷം ധരിച്ച വനിതകള്‍ അതിഥികളെ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചു. ഉദ്ഘാടനത്തിന് ശേഷം കതാറ ആംഫി തിയേറ്ററില്‍ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി.
കര്‍ണാടക സംഘ, തമിഴര്‍ സംഘം, ഇന്ത്യന്‍ വിമന്‍സ് ഫെഡറേഷന്‍, ബീഹാര്‍ അസോസിയേഷന്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘടനകളുടെ സ്റ്റാളുകളാണ് പരിപാടിയിലുള്ളത്. കതാറ ബീച്ചിന് സമാന്തരമായി ഒരുക്കിയ സ്റ്റാളുകളില്‍ ഇന്ത്യന്‍ ഭക്ഷ്യോത്പന്നങ്ങള്‍, വസ്ത്രം, ജ്വല്ലറികള്‍, കലകൗശല ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വില്‍പനയുമാണ് നടക്കുന്നത്. വിവിധ ഇന്ത്യന്‍ രുചികള്‍ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് ആറ് മണിക്ക് ആംഫി തിയേറ്ററില്‍ കലാപരിപാടികള്‍ നടക്കും.
ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ച് ഇന്ത്യന്‍ ചലച്ചിത്ര പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 10 മണിക്ക് തുടങ്ങുന്ന പരിപാടി രാത്രി 10 മണിക്ക് സമാപിക്കും.