ഡോക്റ്റര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചു

മലപ്പുറം : download (1)കേരള ഗസറ്റഡ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) നവംബര്‍ 28 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ജില്ലാ കലക്റ്റര്‍ കെ. ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. ജനസംഖ്യാനുപാതികമായി ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കുക, കൂടുതല്‍ ആശുപത്രികള്‍ അനുവദിക്കുക, മലപ്പുറം താലൂക്കാശുപത്രിയില്‍ അത്യഹിത യൂനിറ്റ് തുടങ്ങുക, സ്‌പെഷ്യലിസ്റ്റ് ഡോക്റ്റര്‍മാരുടെ തസ്തിക വര്‍ധിപ്പിക്കുക, മഞ്ചേരി ജനറല്‍ ആശുപത്രി നില നിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്റ്റര്‍മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

ഡോക്റ്റര്‍മാര്‍ ഉന്നയിച്ച വിഷയങ്ങള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കാന്‍ ചര്‍ച്ചയില്‍ തീരുമാനിച്ചു. എ.ഡി.എം
പി. മുരളീധരന്‍, ഡി.എം.ഒ വി. ഉമ്മര്‍ ഫാറൂഖ്, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്റര്‍ ഡോ. സുനില്‍കുമാര്‍, ഡോ. വിപിന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മുഹമ്മദ് ഇസ്മയില്‍, കെ.ജി.എം.ഒ.എ ഭാരവാഹികളായ ഡോ. എം.പി സത്യനാരായണന്‍, ഡോ. പി. ഷംസുദ്ദീന്‍, ഡോ.എ.കെ റഊഫ്, ഡോ.എന്‍. ഹക്കീം എന്നിവര്‍ പങ്കെടുത്തു.