ഡീസല്‍ വാഹനങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണലിന്റെ വിധി ഹൈക്കോടതി സ്‌റ്റേ ചെയതു

Story dated:Friday June 10th, 2016,04 19:pm

കൊച്ചി: ഡീസല്‍ വാഹനങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവാണ്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തത്‌. കേസില്‍ ഇടപെടാനുള്ള അധികാരം ഹൈക്കോടതിക്ക്‌ ഉണ്ടെന്ന്‌ കോടതി വ്യക്തമാക്കി. കേസില്‍ കെഎസ്‌ആര്‍ടിസിയാണ്‌ ഹരജി നല്‍കിയത്‌. ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന കെ എസ്‌ ആര്‍ ടി സി വാദം കോടതി അംഗീകരിച്ചു. മലിനീകരണ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹരിത ട്രൈബ്യൂണ്‍ ഇത്തരത്തിലുള്ള ഉത്തര്‌ പുറപ്പെടുവിച്ചത്‌.

എന്നാല്‍ ഹരിത്ര ട്രൈബ്യൂണലിന്റെ ഉത്തരവ് വേണ്ടത്ര പഠനമോ ശാസ്ത്രീയതയോ ഇല്ലാതെയാണെന്നും ഇത് ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളും, 2000 സി.സി.ക്കും അതിന് മുകളിലും ശേഷിയുള്ള ഡീസല്‍ വാഹനങ്ങളും സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളിലും നിരോധിച്ചുകൊണ്ടായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്നവ ഒഴികെയുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും തടഞ്ഞിരുന്നു. പത്ത് വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ ഒരു മാസത്തിനുള്ളില്‍ നിരോധിക്കുകയും വേണമെന്നായിരുന്നു ട്രൈബ്യൂണല്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. ഉത്തരവ് ലംഘിച്ചാല്‍ പരിസ്ഥിതി നഷ്ടപരിഹാരം എന്ന നിലയില്‍ 5000 രൂപ പിഴയായി ഈടാക്കാനും ഇത്തരത്തില്‍ ശേഖരിക്കുന്ന തുക ആറ് കോര്‍പ്പറേഷനുകളിലെയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ഉത്തരവാണ് ഹൈക്കോടതി ഇപ്പോള്‍ സ്‌റ്റേ ചെയ്തിരിക്കുന്നത്. സ്‌റ്റേ ചെയ്ത ഉത്തരവ് സ്വാഗതാര്‍ഹമാണെന്നും തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ ഇതിലൂടെ സമയം ലഭിക്കുമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് 2000 സിസി ക്ക് മുകളിലുള്ള പുതിയ ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന ഹരിത ട്രിബ്യൂണല്‍ വിധി ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. വാഹന നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു അന്ന് കോടതി ഉത്തരവിട്ടത്.