ലാഹോറില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ ചാവേറാക്രമണം: 14 പേര്‍ കൊല്ലപ്പെട്ടു

blastലാഹോര്‍: ലാഹോറില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരേയുണ്ടായ ചാവേറാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. രണ്ട് പള്ളികള്‍ക്ക് നേരെയാണ് ആക്രമണമുമ്ടായത്. അറുപതോളം പേര്‍ക്കു പരിക്കേറ്റു. മരിച്ചവരില്‍ ഒരു കുട്ടിയും പോലീസുകാരനും ഉള്‍പ്പെടുന്നു.

യൗഹാനബാദിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള പ്രദേശത്തെ പള്ളികള്‍ക്കു നേരേയാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കളുമായെത്തിയ രണ്ടു ചാവേറുകള്‍ പള്ളികളുടെ ഗെയിറ്റിനുള്ളില്‍ കടന്ന് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

സ്‌ഫോടനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ലാഹോര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ സംഘടനയായ ജമാത്ത് ഉള്‍ അഹ്‌റര്‍ ഏറ്റെടുത്തിട്ടുണ്ട്. അതേസമയം, ആക്രമണത്തില്‍ പങ്കുണ്ടെന്നു കരുതുന്ന ഒരാളെ ജനക്കൂട്ടം മര്‍ദിക്കുകയും ചെയ്തിട്ടുണ്ട്.