Section

malabari-logo-mobile

ലക്ഷ്യം അസമത്വങ്ങളില്ലാത്ത സമൂഹം: മീനാ കന്ദസാമി

HIGHLIGHTS : തിരൂര്‍: എഴുത്തുകാര്‍ ഭാഷയെ പുനര്‍ നിര്‍വചിക്കാന്‍ ശ്രമിക്കണമെന്നും അസമത്വങ്ങളില്ലാത്ത നല്ല സമൂഹം ലക്ഷ്യമാക്കണമെന്നും പ്രസിദ്ധ തമിഴ് എഴുത്തുകാരിയും...

meena kandhasami inaugurating womens conclave (1) തിരൂര്‍: എഴുത്തുകാര്‍ ഭാഷയെ പുനര്‍ നിര്‍വചിക്കാന്‍ ശ്രമിക്കണമെന്നും അസമത്വങ്ങളില്ലാത്ത നല്ല സമൂഹം ലക്ഷ്യമാക്കണമെന്നും പ്രസിദ്ധ തമിഴ് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ മീനാ കന്ദസാമി അഭിപ്രായപ്പെട്ടു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ ദക്ഷിണേന്ത്യന്‍ എഴുത്തുകാരികളുടെ ‘സര്‍ ഗസംഗമം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഏകാന്തത ആവശ്യപ്പെടുന്ന വ്യക്തിപരമായ പ്രക്രിയയാണ് എഴുത്ത്. എന്നാല്‍ പ്രതിബന്ധങ്ങളിലൂടെ സഞ്ചരിച്ച് മാത്രമേ എഴുത്തുകാരിയായി സ്വയം അടയാളപ്പെടുത്താന്‍ കഴിയൂ. നിങ്ങള്‍ക്ക് പാരമ്പര്യം ഉണ്ടോ എന്നതാണ് ആദ്യത്തെ ചോദ്യം. എന്ത് എഴുതുന്നു എന്നതല്ല, എവിടെ നിന്ന് വരുന്നു എന്നതാണ് പ്രശ്‌നം. വര്‍ഗപരമായ ലിംഗ വിവേചനം അനുഭവിച്ചുകൊണ്ടാണ് എഴുത്തുകാരിയായത് എന്ന് അവര്‍ പറഞ്ഞു. പുരുഷമേധാവിത്തമുള്ള മുഖ്യധാരാ സമൂഹത്തില്‍ അപമാനം സഹിച്ചാണ് കവയിത്രിയായതെന്നും അവര്‍ പറഞ്ഞു. അംഗീകാരങ്ങള്‍ തേടിയെത്തുന്നത് പുരുഷന്‍മാരെയാണെന്നും ഗൗരവമുള്ള വിഷയങ്ങള്‍ സ്ത്രീക്ക് കൈകാര്യം ചെയ്യാനാവില്ലെന്നുമാണ് സമൂഹം കരുതുന്നതെന്നും അവര്‍ പറഞ്ഞുകൂട്ടിച്ചേര്‍ത്തു. എന്ത് എഴുതി എന്ന് ആരായുന്നതിന് മുമ്പ് സ്ത്രീ എഴുത്തുകാരികളെക്കുറിച്ച് അഭിപ്രായം രൂപീകരിക്കുന്ന പ്രവണത സമൂഹത്തിനുള്ളതായും അവര്‍ പറഞ്ഞു. എഴുത്തിന്റെ രാഷ്ട്രീയം പ്രധാനമാണന്നും തന്റെ കവിതകള്‍ ദുര്‍ വ്യാഖ്യാനം ചെയ്ത് തന്നെ അപമാനിക്കാനുള്ള ശ്രമം പോലും ഉണ്ടായതായി അവര്‍ അനുഭവം പങ്കുവെച്ചു.
വൈസ് ചാന്‍സലര്‍ അധ്യക്ഷനായ പരിപാടിയില്‍ എഴുത്തുകാരി പി. വത്സല മുഖ്യ പ്രഭാഷണം നടത്തി. പ്രണയലേഖനം പോലെ ഒളിച്ചുവെച്ചാണ് കഥകളെഴുതിയിരുന്നതെന്ന് അവര്‍ പറഞ്ഞു. ഏത് ചുറ്റുപാടുകളും എഴുതാനുള്ള അനുഭവങ്ങള്‍ സമ്മാനിക്കും. വായനയും സഞ്ചാരവുമാണ് തന്നെ എഴുത്തുകാരിയാക്കിയതെ ന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ പിന്നാക്കാവസ്ഥയാണ് രാജ്യത്തിന്റെ പുരോഗതിക്ക് തടസമെന്നും സ്ത്രീകള്‍ക്ക് മാത്രമമേ സമൂഹ ത്തി ല്‍ മാറ്റം കൊണ്ടുവരാന്‍ കഴിയൂ എന്നും പി. വത്സല പറഞ്ഞു.
സ്ത്രീ പുരുഷ ഭേദമെന്യേ സമഗ്രതയില്‍ എഴുത്തിനെ കാണാനാണ് ആഗ്രഹിക്കുന്നതെന്ന് തമിഴ് എഴുത്തുകാരി ജയന്തശ്രീ ബാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീയായിരിക്കുന്നതില്‍ പരാതിയോ അഹങ്കാരമോ ഇല്ല. പെണ്ണായി ജീവിക്കുന്നതില്‍ സംതൃപ്തിയാണുള്ളതെന്നും അവര്‍ പറഞ്ഞു. കെ. വി. ഷൈലജ, പ്രൊഫ. ടി. അനിതാ കുമാരി, ഡോ. കെ. എം. ഭരതന്‍ എന്നിവര്‍ സംസാരിച്ചു.
ഇന്ന് (21 ന് ) രാവിലെ 10 മുതല്‍ വിവിധ സെഷനുകളിലായി സാറാജോസഫ്, ചന്ദ്രമതി, പി. ഗീത, ഖദീജ മുംതാസ്, ഒ.വി. ഉഷ, റോസ് മേരി, ബിന്ദുകൃഷ്ണന്‍, സല്‍മ എന്നിവര്‍ പങ്കെടുക്കും. വൈകീട്ട് ആറിന് പ്രസിദ്ധ നര്‍ത്തകി പല്ലവി കൃഷ്ണന്‍ നൃത്ത സന്ധ്യ ഒരുക്കും. 22 ന് രാവിലെ 10 മുതല്‍ നടക്കുന്ന അനുഭവ കഥനത്തില്‍ ഡോ.എല്‍.ജി. മീര, ഡോ.എസ്.എസ്. അനുപമ, ഡോ. ജയന്തശ്രീ ബാലകൃഷ്ണന്‍, സുകീര്‍ത്താറാണി, കെ.വി. ഷൈലജ, ഡോ. ടി. വിജയലക്ഷ്മി എന്നിവര്‍ പങ്കെടുക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!