നടന്‍ ശരത് കുമാറിന്റെയും തിമിഴ്‌നാട് ആരോഗ്യ മന്ത്രിയുടെയും വീട്ടില്‍ റെയ്ഡ്

ചെന്നൈ: നടന്‍ ശരത്കുമാറിന്റെയും തമിഴ്‌നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്‌ക്കറിന്റെയും വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആർ.കെ നഗർ മണ്ഡലത്തിൽ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണത്തെ തുടർന്നാണ് റെയ്ഡ്. ശശികല വിഭാഗത്തിന്‍റെ സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് ഒരു വ്യക്തി വോട്ടർമാർക്ക് പണം നൽകുന്ന വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പുറത്തുവന്നിരുന്നു.  വിജയഭാസ്‌കറിന്റെ വീട് ഉള്‍പ്പെടെ 32 സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പഴനിസാമി മന്ത്രിസഭക്ക് തിരിച്ചടിയായിരിക്കുകയാണ് ആരോഗ്യമന്ത്രിയുടെ വീട്ടിലെ റെയ്ഡ്. ശശികലയുടെ വിശ്വസ്തനാണ് ആരോഗ്യമന്ത്രി വിജയഭാസ്‌കര്‍. അതേസമയം, വോട്ടർമാപർക്ക് പണം നൽകിയെന്ന വാർത്ത എ.ഐ.എ.ഡി.എം.കെ നിഷേധിച്ചിട്ടുണ്ട്.

ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് ആദായനികുതി വകുപ്പ് വിജയഭാസ്‌കറിന്റെ വീട്ടില്‍ പരിശോധന ആരംഭിച്ചത്. നൂറോളം ഉദ്യോഗസ്ഥരാണ് വിവധയിടങ്ങളില്‍ റെയ്ഡിനായി എത്തിയിരിക്കുന്നത്.