അതിരപ്പള്ളി പദ്ധതി;ഡാം നിര്‍മ്മിക്കാന്‍ തമിഴ്‌നാടും സഹകരിക്കണം;മുഖ്യമന്ത്രി

pinarayi vijayanദില്ലി: അതിരപ്പള്ളി പദ്ധതിയെ പിന്തുണച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഡാം നിര്‍മ്മിക്കാന്‍ തമിഴ്‌നാടും സഹകരിക്കണമെന്നും ഇതിനായി തമിഴ്‌നാടുമായി ചര്‍ച്ച നടത്തുമെന്നും ഡാം നിര്‍മ്മിക്കുന്ന കാര്യത്തില്‍ യാതൊരു തരത്തിലുള്ള ആശങ്കയും വേണ്ടെന്നും പിണറായി വ്യക്തമാക്കി. അതിരപ്പള്ളി പദ്ധതി നേരത്തെ എല്‍ഡിഎഫ്‌ ചര്‍ച്ചചെയ്‌ത വിഷയമാണെന്നും അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ഒഴുക്കിനെ പദ്ധതി ബാധിക്കില്ലെന്നും മുഖ്യമന്ത്രി ദില്ലിയില്‍ പറഞ്ഞു.

അതിരപ്പള്ളി പദ്ധതിയില്‍ സംസ്ഥാന മന്ത്രി സഭയിലെ രണ്ടു മന്ത്രിമാര്‍ തന്നെ വിരുദ്ധാഭിപ്രായം അറിയിച്ചിരുന്നു. ഇതിനെകുറിച്ച്‌ ചോദിച്ചപ്പോഴാണ്‌ പദ്ധതിക്കുള്ള പിന്തുണ മുഖ്യമന്ത്രി അറിയിച്ചത്‌.

ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ള ആശങ്കകള്‍ക്ക്‌ അടിസ്ഥാനമില്ലെന്നും താന്‍ വൈദ്യുത മന്ത്രിയായിരിക്കെ ഇത്‌ പരിശോധിച്ചതാണെന്നും പിണറായി വിജയന്‍ പ്രതികരിച്ചു. വെള്ളച്ചാട്ടത്തിന്റെ ഒഴുക്കിനെ ബാധിക്കാതെ സൗന്ദര്യത്തെ നശിപ്പിക്കാതെ പദ്ധതി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയുമായി സംസ്ഥാന മന്ത്രിസഭ മുന്നോട്ടു പോകുമെന്നാണ്‌ നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍.