വിവാഹവേദിയില്‍ നിന്നും വിദ്യാര്‍ത്ഥി നേതാക്കള്‍ സമരപന്തലിലെത്തി

Story dated:Monday November 3rd, 2014,10 04:am
sameeksha

Untitled-2 copyതേഞ്ഞിപ്പലം: നവദമ്പതിമാരായ വിദ്യാര്‍ത്ഥി നേതാക്കള്‍ വിവാഹം കഴിഞ്ഞ്‌ സമരപന്തലിലെത്തി. കാലിക്കറ്റ്‌ സര്‍വ്വകലാശാല ലൈബ്രറിക്ക്‌ മുന്നില്‍ എസ്‌ എഫ്‌ ഐ നടത്തുന്ന സമരപന്തലിലേക്കാണ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗമായ പി ജിജിയും, സംസ്ഥാന കമ്മറ്റിയംഗമായ സജിത്ത്‌ സോമനും എത്തിയത്‌.

കാലികറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ ഹോസ്റ്റല്‍ പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌ എഫ്‌ ഐ പ്രവര്‍ത്തകര്‍ തുടങ്ങിയ അനിശ്ചിത കാല സമരത്തില്‍ ജിജിയും സജിത്തും പങ്കാളികളായിരുന്നു.

കാലികറ്റ്‌ സര്‍വ്വകലാശാലയിലെ ചരിത്രവിഭാഗത്തില്‍ ഗവേഷകവിദ്യാര്‍ത്ഥിയാണ്‌ മഞ്ചേരി സ്വദേശിയായ സജിത്ത്‌. എടവണ്ണപ്പാറ സ്വദേശിയായ ജിജി യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനാണ്‌. ഞായറാഴ്‌ചയായിരുന്നു ഇവരുടെ വിവാഹം.

സമരപന്തലില്‍ നിരാഹാരമിരിക്കുന്ന സഹപാഠികള്‍ക്ക്‌ പൂച്ചെണ്ടുകളും, പ്രതിഷേധമിരിക്കുന്നവര്‍ക്ക്‌ സംഭാവനയും നല്‍കിയാണ്‌ ഇരുവരും മടങ്ങിയത്‌.