റഹമുത്തുള്ള ഖാസിമിയെ സമസ്ത നേതൃസ്ഥാനത്തുനിന്ന് നീക്കി

rahmathulla-khasimi1കോഴിക്കോട്: പ്രമുഖ മത പ്രഭാഷകനും ഇ കെ വിഭാഗം സമസ്തയുടെ നേതാവുമായ റഹ്മത്തുളള ഖാസിമിയെ സംഘടനയുടെ എല്ലാ നേതൃസ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തതായി സമസ്ത കേരള ജംഇയ്യുത്തുല്‍ ഉലമ അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് നടപടി.

നേരത്തെ കണ്ണൂര്‍ ജില്ലയില്‍ എപി, ഇകെ വിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അക്രമത്തിലേക്ക് നീങ്ങുകയും നേതാക്കള്‍ തമ്മില്‍ തരംതാണ പ്രസ്താവന യുദ്ധങ്ങള്‍ നടത്തുന്നതും പതിവായിരുന്നു. ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയ ഖാസിമിക്കെതിരെ സംഘടന ഷോക്കോസ് നോട്ടീസ് നല്‍കിയിരുന്നു.

ഇതിനിടെ എപി, ഇകെ വിഭാഗങ്ങള്‍ തമ്മിലുള്ള വിഭാഗിതയ്‌ക്കെതിരെയും പരസ്പര ശത്രുതയ്‌ക്കെതിരെയും എന്നപേരില്‍ ഖാസിമി ദവ്അ യൂത്ത്‌ഫോറം എന്ന പേരില്‍ സംഘടനയുണ്ടാക്കിയിരുന്നു. ഇതിനെതിരെ എസ് വൈ എസ് രംഗത്തെത്തിയിരുന്നു. പുതിയ വിവാദങ്ങളുണ്ടാക്കി വേദികള്‍ സൃഷ്ടിക്കുകയാണ് ഖാസിമി ചെയ്യുന്നതെന്നാണ് സുന്നി യുവജന സംഘത്തിന്റെ കുറ്റപ്പെടുത്തല്‍.

കോഴിക്കോട്ടുവെച്ച് നടത്തിയ നേതൃത്വത്തിന്റെ വിഭാഗിയതയെ കുറിച്ച് ഖാസിമി നടത്തിയ പ്രസംഗമാണ് അടിയന്തിര നടപടിയിലേക്കെത്തിച്ചതെന്ന് കരുതുന്നു. പരസ്പരമുള്ള പരിഹാസത്തെ കുറിച്ചും വിമര്‍ശിക്കുകയും മതനേതാക്കള്‍ പരസ്പരം മൊബൈല്‍ ഫോണുകള്‍ ചോര്‍ത്തുന്നതുവരെ കാര്യങ്ങളെത്തിയെന്നും താനടക്കമുള്ള പ്രബോധകരെ വിശ്വാസികള്‍ മര്യാദപഠിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ ബാപ്പമാര്‍ പടുത്തുയര്‍ത്തിക്കൊണ്ടുവന്ന ദീന്‍ ഈ നാട്ടില്‍ നഷ്ടപ്പെടുമെന്നുമാണ് ഖാസിമി പറഞ്ഞത്. ഇതിനോടുള്ള റഹ്മത്തുള്ള ഖാസിമിയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.