കോഴിക്കോട്ട് വ്യാജവിദേശമദ്യനിര്‍മ്മാണയൂണിറ്റും സ്പിരിറ്റും കണ്ടെത്തി

മാരകമായ വിഷം അടങ്ങിയ ചേരുവകള്‍
കോഴിക്കോട്കു:ന്ദമംഗലത്ത് എക്‌സൈസ് വന്‍ വ്യാജവിദേശമദ്യനിര്‍മ്മാണ യൂണിറ്റും സ്പിരിറ്റും കണ്ടെടുത്തു.സംഭവത്തില്‍ ഇരിട്ടി സ്വദേശിയായ ഷിനു സെബാസ്റ്റ്യന്‍ അറസ്റ്റിലായി. കുന്ദമംഗലം പെരിങ്ങളം റോഡിലെ മില്‍മ പ്ലാന്റിന് പിറകുവശത്തുള്ള കെട്ടിടത്തിലാണ് വ്യാജ വിദേശമദ്യയൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിന്ന് 650 ലിറ്റര്‍ സ്പിരിറ്റും മദ്യ നിര്‍മ്മാണ സാധന സാമഗ്രികള്‍, മദ്യം നിറയ്ക്കാനുള്ള കുപ്പികള്‍, കുപ്പികള്‍ സീല്‍ ചെയ്യുന്നതിനുള്ള മെഷീന്‍ എന്നിവ എക്‌സൈസ് കണ്ടെത്തി.

ഇന്നു രാവിലെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് ഷിനു പിടിയിലായത്. കഴിഞ്ഞദിവസം ബാലുശേരിയില്‍ വെച്ച് ചില മദ്യക്കുപ്പികള്‍ സംശയകരമായ സാഹചര്യത്തില്‍ പോലീസിന് ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതും വ്യാജ നിര്‍മ്മാണ യൂണിറ്റും കണ്ടെത്തിയതും.

ചോദ്യം ചെയ്യലില്‍ സ്പിരിറ്റില്‍ നിറം ചേര്‍ക്കാന്‍ ഉപയോഗിച്ചത് പ്രത്യേക തരം വിഷമാണെന്ന് പ്രതി വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ പിടിയിലാകുമെന്നാണ് സൂചന. ജില്ലയിലെ ഫറോക്, കൊയ്‌ലാണ്ടി മേഖലകളിലാണ് മദ്യം വിറ്റഴിക്കുന്നത്. നൂറ് രൂപയില്‍ താഴെ വില വരുന്ന ഈ വിഷ മദ്യം ഏജന്റുമാര്‍ വഴി 500 രൂപയ്ക്കുവരെ വില്‍പ്പന നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡും കുന്ദമംഗലം റെയ്ഞ്ചിലെ ഉദ്യോഗസ്ഥരുമാണ് റെയ്ഡില്‍ പങ്കെടുത്തത്.

Related Articles