സ്‌കൂള്‍ പ്രവേശനത്തിന്‌ അമിത ഫീസ്‌ ഈടാക്കാന്‍ അനുവദിക്കില്ല;വിദ്യഭ്യാസ മന്ത്രി

c-ravindranathതിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനത്തിന് അമിത ഫീസ് ഈടാക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.വിദ്യാഭ്യാസവകുപ്പിലെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കണ്ടെത്തും. മലാപറമ്പ്, കിനാലൂര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്റ്റാഫ് ഫിക്‌സേഷന്‍ പൂര്‍ത്തിയായതോടെ അധികം വരുന്ന അധ്യാപകരുടെ ശമ്പളം മുടങ്ങില്ല. ഇക്കാര്യത്തില്‍ അധ്യാപകര്‍ക്ക് ആശങ്ക വേണ്ട. അധ്യാപകരുടെ എല്ലാ ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അധികമായി വരുന്ന അധ്യാപകരെ പുനര്‍വിന്യസിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

പാഠപുസ്തക വിതരണം ജൂണ്‍ 15 നുളളില്‍ പൂര്‍ത്തിയാക്കുമെന്നും സി രവീന്ദ്രനാഥ് പറഞ്ഞു. ജൂണ്‍ ആദ്യം തന്നെ എല്ലാ സ്‌കൂളുകളിലും പാഠപുസ്തകം എത്തിക്കും.