ഹരിയാനയില്‍ ബിരിയാണി റെയ്‌ഡ്‌

imagesദില്ലി: ഹരിയാനയില്‍ ബക്രീദിന്‌ മുന്നോടിയായി ഹരിയാനയില്‍ ബിരിയാണി കടകളില്‍ പോലീസിന്റെയും മൃഗസംരക്ഷണ അധികൃതരുടെയും റെയ്‌ഡ്‌. മുസ്‌ളിങ്ങള്‍ താരതമ്യേന കൂടുതലുള്ള മേവാത്‌ മേഖലയിലാണ്‌ പരിശോധന കര്‍ശനമാക്കിയത്‌. ബിരിയാണി ഉണ്ടാക്കാന്‍ ബീഫ്‌ ഉപയോഗിക്കുന്നുണ്ടെന്ന പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ്‌ വിശദീകരണം. വഴിയോര ഭക്ഷണശാലകളില്‍ മുതല്‍ വലിയ ഹോട്ടലുകളില്‍വരെ പരിശോധന തുടരുകയാണ്‌. സാമ്പിളുകള്‍ പരിശോധനയ്‌ക്ക്‌ അയച്ചിട്ടുണ്ട്‌. ബീഫ്‌ ഉപയോഗിക്കുന്ന വിവരം നല്‍കാനായി പോലീസ്‌ ജാഗ്രതാസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്‌. നിയമലംഘനത്തിന് 10 വര്‍ഷംവരെ തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. അറസ്റ്റിലായാല്‍ ജാമ്യമില്ല.

ബീഫ് ഉപയോഗം തടയാനുള്ള നടപടികളുടെ ഭാഗമായാണ് റെയ്ഡ് എന്ന് ഗോസംരക്ഷണ കര്‍മസേന നോഡല്‍ ഓഫീസര്‍ ഭാരതി അറോറ അവകാശപ്പെട്ടു. വ്യാപാരികള്‍ ബിരിയാണിയില്‍ ബീഫ് ഉപയോഗിക്കുന്നതായി ഹരിയാന ഗോസേവ  ആയോഗ്  അധ്യക്ഷന്‍ രാം മംഗ്ളയാണ് പരാതി നല്‍കിയത്.

അതേസമയം, മൌലവിമാര്‍ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ബക്രീദ് വേളയില്‍ ബോധപൂര്‍വം സര്‍ക്കാര്‍ തങ്ങളെ അപമാനിക്കുകയാണെന്ന് നൂഹിലെ മൌലാന അസ്ഗര്‍ പറഞ്ഞു. ബലാത്സംഗകേസിലെ പ്രതികളെയും കള്ളന്മാരെയും പിടികൂടാന്‍ ഒരു താല്‍പ്പര്യവും കാട്ടാത്ത പൊലീസ് തങ്ങളെ അപമാനിക്കാന്‍ ഇഷ്ടംപോലെ സമയം കണ്ടെത്തുകയാണെന്നും അവര്‍ ആരോപിച്ചു. പോത്തിറച്ചിയും കോഴിയിറച്ചിയും മാത്രമാണ് ഉപയോഗിക്കുന്നതെന്ന് വ്യാപാരികള്‍ അറിയിച്ചു.