ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്ന്‌ കോടതി

courtt_0തിരുവനന്തപരം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട കേസ്‌ ഡയറി ഉള്‍പ്പെടെ എല്ലാ രേഖകളും ഹാജരാക്കണമെന്ന്‌ കോടതി. പ്രത്യേക വിജിലന്‍സ്‌ കോടതിയുടേതാണ്‌ ഈ ഉത്തരവ്‌. കേസ്‌ ആരംഭിച്ചതു മുതല്‍ അവസാനിച്ചതുവരെയുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ എല്ലാ കണ്ടെത്തലുകളും വിലയിരുത്തലുകളുംമെല്ലാം കേസ്‌ ഡയറിയിലാണ്‌ ഉള്ളത്‌.

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട്‌ വിജിലന്‍സ്‌ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട്‌ പരിഗണിക്കുകയായിരുന്നു കോടതി. മാണി അഴിമതി നടത്തിയതായോ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തതായോ തെളിവില്ലെന്നാണ്‌ റിപ്പോര്‍ട്ടിലുള്ളത്‌.

മാര്‍ച്ച്‌ 22 ന്‌ പാലായിലെ വീടിന്റെ പരിസരത്തുവെച്ച്‌ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക്‌ 15 ലക്ഷം രൂപ കൈമാറിയതായി ബാര്‍ ഉടമകളായ സാജു ഡൊമനിക്ക്‌, ജോസഫ്‌ മാത്യു എന്നിവര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ തുക മാണിക്ക്‌ നല്‍കിയതിനോ മാണി പണം വാങ്ങിയതിനോ തെളിവില്ലെന്നാണ്‌ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

കോഴ ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ മാണിയും നല്‍കിയിട്ടില്ലെന്ന്‌ അസോസിയേഷന്‍ ഭാരവാഹികളും മൊഴി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ബാറുടമകളുടെ സംഘടന വ്യാപകമായി പിരിവു നടത്തിയിട്ടുണ്ട്‌. സംഘടനയുടെ ക്യാഷ്‌ ബുക്കില്‍ 15 ലക്ഷം രൂപ പിരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ ഈ തുക എന്തിനാണ്‌ പിരിച്ചെടുത്തതെന്നോ ഇത്‌ മാണിക്ക്‌ കൈമാറിയോ എന്നതു സംബന്ധിച്ചും ഒരു രേഖയുമില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോടതിയില്‍ ബിജു രമേശ്‌ നല്‍കിയ സി ഡി എഡിറ്റ്‌ ചെയ്‌തതാണെന്നും അതുകൊണ്ട്‌ തന്നെ ഇത്‌ മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ല. ഫോറന്‍സിക്‌ പരിശോധനയില്‍ എഡിറ്റിങ്‌ നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌.