ആറ്‌ വള്ളിക്കുന്ന്‌ സ്വദേശികള്‍ കര്‍ണ്ണാടക പോലീസിന്റെ പിടിയില്‍

വള്ളിക്കുന്ന്‌: ബംഗളൂരുവിലെ ഒരു കടയില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട്‌ മലപ്പുറം വള്ളിക്കുന്ന്‌ സ്വദേശികളായ ആറുപേരെ കര്‍ണ്ണാടക പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. വള്ളിക്കുന്ന്‌ അത്താണിക്കല്‍ പള്ളിപ്പടി സ്വദേശികളായ തെക്കേമരക്കാട്ടില്‍ ഉമ്മര്‍ ഖാന്‍, അരിമ്പ്രതൊടി നൗഷാദ്‌, അരിമ്പ്രതൊടി ഷെമീര്‍, നാരങ്ങാവില്‍ സഹല്‍, അഞ്ചുകണ്ടി ജിഷാദ്‌, ഫിറോസ്‌ എന്നിവരെയാണ്‌ വെള്ളിയാഴ്‌ച അര്‍ദ്ധരാത്രിയോടെ ബംഗളൂര്‍ സിറ്റിയിലെ അശോക്‌ നഗര്‍ സി ഐയുടെ നേതൃത്വത്തിലുളള സംഘം കസ്‌റ്റഡിയിലെടുത്തത്‌.

ബംഗളൂരുവില്‍ താമസകാരനായ താമരശ്ശേരി സ്വദേശിയുടെ കടയില്‍ കവര്‍ച്ചനടത്തിയതുമായി ബന്ധപ്പെട്ടാണ്‌ ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ്‌ സൂചന. ഇതിനുപുറമെ താനൂര്‍, കോഴിക്കോട്‌ സ്വദേശികളും പിടിയിലായതായാണ്‌ സൂചന. കഴിഞ്ഞ രണ്ടു ദിവസമായി അശോക്‌ നഗര്‍ സി ഐ യുടെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട്‌ ജില്ലയില്‍ തെരച്ചില്‍ നടത്തി വരികയായിരുന്നു. ഉമ്മര്‍ഖാനെ കോഴിക്കോടേക്ക്‌ വിളിച്ചുവരുത്തി മീഞ്ചന്തയില്‍ വെച്ചാണ്‌ കസ്‌റ്റഡിയിലെടുത്തത്‌. തുടര്‍ന്ന്‌ ഉമ്മര്‍ഖാനെ ഉപയോഗിച്ചാണ്‌ മറ്റു പ്രതികളെ വലയിലാക്കിയത്‌.