ബഹ്‌റൈനില്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തിഹത്യ നടത്തുന്ന ചിത്രങ്ങളോ വാര്‍ത്തകളോ പ്രചരിപ്പിച്ചാല്‍ തടവും പിഴയും

മനാമ: രാജ്യത്ത് സോഷ്യല്‍ മീഡിയയിലൂടെ സാധാരണക്കാരുടെ ജീവിതത്തെ ഹനിക്കുന്ന തരത്തിലുള്ള പ്രവൃത്തിക്കെതിരെ നടപടി. സാധാരണക്കാരെ ഏറെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ ചിത്രങ്ങളും വാര്‍ത്തകളും പ്രചരിക്കുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് പ്രതിവാര പാര്‍ലമെന്റ് സമ്മേളനത്തില്‍ കുറ്റക്കാര്‍ക്കെതിരെ മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവിനും 500 മുതല്‍ 1000 ദിനാര്‍ വരെ പിഴയും ചുമത്താന്‍ തീരുമാനിച്ചത്.

വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ കുടുംബങ്ങള്‍ക്കും മേലും വ്യക്തികള്‍ക്ക് നേരെയും വര്‍ദ്ധിച്ചതോടെ പലരും നിയമ സഹായം തേടാന്‍ തുടങ്ങിയതോടെയാണ് ഇത്തരമൊരു നീക്കത്തിന് ഗവണ്‍മെന്റ് തയ്യാറായത്.

ബഹ്‌റൈനില്‍ നിലവിലുള്ള ശിക്ഷാ നിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്ന് ഷൂറാ കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരമാണ് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇക്കാര്യത്തില്‍ ഗൗരമായ നടപടി സ്വീകരിച്ചിരിക്കുന്നത്.