കാര്‍ഡ് ഉപയോഗിച്ച് ബില്‍ അടയ്ക്കുമ്പോള്‍ രണ്ടുതവണ സ്വയ്പ് ചെയ്യരുത്;സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍

മനാമ: ആളുകള്‍ സാധനങ്ങള്‍ വാങ്ങിയതിനുശേഷം കാര്‍ഡ് ഉപയോഗിച്ച് ബില്‍ അടയ്ക്കുന്ന അവസരങ്ങളില്‍ കാര്‍ഡ് രണ്ടുതവണ സ്വയ്പ്പ് ചെയ്യരുത്. ഇത്തരത്തില്‍ ആരെങ്കിലും ഒന്നില്‍കൂടതല്‍ സ്വയ്പ്പ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരമറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ഒന്നില്‍കൂടുതല്‍ തവണ കാര്‍ഡ് വലിക്കുന്നത് അവസാനിപ്പിക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ (സിബിബി) നിര്‍ദേശം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ഈ രീതി വഴി വ്യക്തിവിവരങ്ങള്‍ ചോരുമെന്നതിനാലാണ് ഈ നിര്‍ദേശം. ഇതു സംബന്ധിച്ച് ബഹ്‌റൈനിലെ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് മെസേജ് അയച്ചിട്ടുണ്ട്.

ഈ നിര്‍ദേശം വെളളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. കാര്‍ഡ് വഴി പണമടയ്ക്കാന്‍ രണ്ടുതവണ സ്വയ്പ് ചെയ്യേണ്ട കാര്യമില്ല. ഏതെങ്കിലും സ്ഥാപനങ്ങള്‍ രണ്ടു തവണ കാര്‍ഡ് സ്വയ്പ് ചെയ്താല്‍ അക്കാര്യം വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഹോട്‌ലൈനിലോ (17007003), സിബിബിയിലേക്കു നേരിട്ടോ അറിയിക്കാം.