ഓട്ടോ തൊഴിലാളികളുടെ ഒരുദിന വരുമാനം ജീവകാരുണ്യത്തിന്

autoതേഞ്ഞിപ്പലം: ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നേത്യത്വം നല്‍കുന്ന പാലിയേറ്റീവ് കെയറിന് പിന്തുയണയേകി ഓട്ടോ തൊഴിലാളികള്‍ ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്തു. കോഹിനൂരിലെ ഓട്ടോ ഡ്രൈവര്‍മാരാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളാലാകുന്ന സഹായമേകിയത്. കിടപ്പിലായവര്‍ക്ക ചികിത്സയും സഹായവും ലഭ്യമാക്കുന്ന തേഞ്ഞിപ്പലം പാലിയേറ്റീവ് സൊസൈറ്റിയ്ക്കാണ് ഓട്ടോ തൊഴിലാളികള്‍ ഒരു ദിവസത്തെ വരുമാനം ഇന്നലെ കൈമാറിയത്. അമ്പതോളം വരുന്ന ഓട്ടോ തൊഴിലാളികള്‍ വരുമാനം പാലിയേറ്റീവ് കെയറിന് എന്ന ബാനര്‍ പ്രദര്‍ശിപ്പിച്ചാണ് ഇന്നലെ സര്‍വ്വീസ് നടത്തിയത്. ഇതിനാല്‍ സര്‍വ്വീസ് ചാര്‍ജ്ജിനേക്കാള്‍ കൂടുതല്‍ തുക നല്‍കി യാത്രക്കാരും സഹകരിച്ചു. ഇന്നലെ വൈകീട്ട് കോഹിനൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ് തോട്ടത്തില്‍ ധനസഹായ തുക പാലിയേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ ജയഭാരതിന് കൈമാറി. വേലായുധന്‍ അധ്യക്ഷനായി. ധനജ്, ബാലകൃഷ്ണന്‍ കാളനാരി, ജീവേഷ്, മനോജ്, അബ്ദുല്‍ റഹിം, എ.പി സൈതവലി, ഓട്ടോ ഡ്രൈവറായ രാജി സംസാരിച്ചു.