ഉന്നതങ്ങളിലെത്താന്‍ വിദ്യാര്‍ത്ഥിനികളോട് ‘വഴങ്ങിക്കൊടുക്കാന്‍’ നിര്‍ബന്ധിച്ച അധ്യാപിക അറസ്റ്റില്‍

ചെന്നൈ : സര്‍വ്വകലാശാലാ അധികൃതര്‍ക്ക് ശാരീരികമായി വഴങ്ങിക്കൊടുക്കാന്‍ പ്രേരിപ്പിച്ചു എന്ന പരാതിയില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് വിരുദനഗര്‍ ദേവാംഗ ആര്‍ട്‌സ് കോളേജിലെ ഗണിതവിഭാഗം അസി പ്രൊഫസര്‍ നിര്‍മ്മല ദേവിയാണ അറസ്റ്റിലായത്.

അറപ്പുക്കോട്ടയ്ക്കടുത്ത വീട്ടില്‍ ഒളിച്ചുതാമിസിക്കുകയായിരുന്ന ഇവരെ പോലീസ് വാതില്‍ പൊളിച്ച് അകത്തുകയറി അറസ്റ്റ്‌ചെയ്യുകയായിരുന്നു. സംഭവം വിവാദമയാതിനെ തുടര്‍ന്ന ഇവരെ കോളേജില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു.

നിര്‍മ്മല ദേവി പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളെ ഫോണില്‍ വിളിച്ച് മധുര കാമരാജ് സര്‍വ്വകലാശാലയിലെ ഉന്നത മേധാവികള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിലൂടെ അക്കാദമിക് തലങ്ങളില്‍ ഉയരാമെന്നും ധാരാളം പണമുണ്ടാക്കാന്‍ കഴിയുമെന്നും അധ്യാപിക ഉപദേശിച്ചു. ഈ ഫോണ്‍ സന്ദേശം ചോരുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന വകുപ്പ് തല അന്വേഷണം നടത്തി ഇവരെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.

ഈ ഫോണ്‍ സന്ദേശം സോഷ്യല്‍ മീഡിയയിലൂടെ വന്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് സര്‍വ്വകാലശാല രജിസ്റ്റാര്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നിര്‍മ്മലാ ദേവിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ആര്‍ക്കുവേണ്ടിയാണ് നിര്‍മ്മലാദേവി പെണ്‍കുട്ടികളോട് ഇക്കാര്യം ആവിശ്യപ്പെട്ടതെന്ന് ഇതുവരെ അറിവായിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഈ ഉന്നതനെ കുറിച്ച് വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.