മാതാ അമൃതാനന്ദമയി മഠത്തിന്റെ വിദേശസംഭാവനകള്‍ കേന്ദ്രം പരിശോധിക്കുന്നു

imagesതിരു : മാതാ അമൃതാനന്ദമയി മഠത്തിന് ലഭിച്ച വിദേശ സംഭാവനകളുടെ വിനിയോഗം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധന തുടങ്ങി. 2013 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 333 കോടി രൂപ മഠത്തിന്റെ വിദേശ സംഭാവന അക്കൗണ്ടില്‍ വിനിയോഗിക്കാതെ ബാക്കിയുണ്ട്. ഫണ്ട് വിനിയോഗത്തെ കുറിച്ച് വന്ന ആക്ഷേപങ്ങളെ കുറിച്ച് ബെല്‍ജിയന്‍ എംബസിയില്‍ നിന്ന് വിദേശകാര്യ മന്ത്രാലയത്തിന് കുറിപ്പ് ലഭിച്ച സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത്.

അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയില്‍ ട്രെഡ്വലിന്റെ ആത്മകഥയെ തുടര്‍ന്നുണ്ടായ വിവാദത്തിന് ശേഷമാണ് മഠത്തിന്റെ വിദേശ ഫണ്ട് വിനിയോഗം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധന. ഫണ്ട് വിനിയോഗം സംബന്ധിച്ച വിവാദത്തിന്റെ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെടുത്തി ദില്ലിയിലെ ബെല്‍ജിയണ്‍ എംബസി വിദേശകാര്യ മന്ത്രാലയത്തിന് കുറിപ്പ് നല്‍കിയിരുന്നു. മഠത്തിലേക്കുള്ള ഫണ്ടിന്റെ ഒരു ഭാഗം ബല്‍ജിയത്തില്‍ നിന്നു വരുന്നതിനാലാണ് കുറിപ്പ്. ഇതിനു മറുപടി നല്‍കാനായിട്ടാണ് മഠത്തിന്റെ വിദേശഫണ്ട് വിനിയോഗത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇപ്പോള്‍ പരിശോധന നടത്തുന്നത്.

പണം ചിലവിട്ടതിന് നല്‍കിയ വിശദീകരണം സ്‌കൂളുകളും കോളേജുകളും നിര്‍മ്മിക്കാനും, പ്രവര്‍ത്തിപ്പിക്കാനും വിനിയോഗിച്ചു എന്നാണ്. ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, ക്ലിനിക്കുകള്‍ എന്നിവ സ്ഥാപിക്കാനും, പ്രവര്‍ത്തിപ്പിക്കാനും പണം വിനിയോഗിച്ചതായി പറയുന്നുണ്ട്. അതേ സമയം അക്കൗണ്ട് സ്റ്റേറ്റ്‌മെന്റില്‍ ഭൂരിഭാഗവും അദര്‍ എക്‌സ്‌പെന്‍സ് അഥവാ മറ്റു ചിലവുകളുടെ കണക്കിലാണ് പെടുത്തിയിട്ടുള്ളത്. ഇപ്പോള്‍ പരിശോധിച്ച് വരുന്നത് ഈ മറ്റു ചെലവുകള്‍ എന്താണ് എന്നതാണ്.