നടിയെ ബലാത്സംഗം ചെയ്ത കേസ്; നിര്‍മ്മാതാവ് കരീം മൊറാനി കീഴടങ്ങി

ഹൈദരബാദ്: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മ്മാതാവ് കരീം മൊറാനി പോലീസില്‍ കീഴടങ്ങി. സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടിയെത്തിയ നടിയെ ബലാത്സം ചെയ്‌തെന്നാണ് കേസ്. കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മൊറാനി കീഴടങ്ങിയത്.

ഷാരൂഖ് ഖാന്‍-ദീപിക പദുകോണ്‍ ജോഡിയുടെ ഹിറ്റ് ചിത്രമായ ചെന്നൈ എക്‌സ്പ്രസിന്റെ നിര്‍മാതാവായിരുന്നു കരീം മൊറാനി. 2015-16 കാലഘട്ടത്തില്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടിയെത്തിയ തന്നെ ഈ ഘട്ടത്തില്‍ കരീം മൊറാനി നിരന്തരം ലൈംഗീകമായി ചൂഷണം ചെയ്‌തെന്ന യുവതിയുടെ പരാതിയിലാണ് തെലങ്കാന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കരീം മൊറാനിയുടെ ജാമ്യം റദ്ദാക്കിയ സെഷന്‍ കോടതി ഉത്തരവ് ഈ മാസം അഞ്ചിനാണ് ഹൈദരബാദ് ഹൈക്കോടതി ശരിവെച്ചത്. നേരത്തെ 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ വിചാരണ നേരിട്ടിരുന്നുവെന്നും ജയില്‍ വാസമനുഭവിച്ചെന്നുമുള്ള വസ്തുത മറച്ചുവെച്ചാണ് മൊറാനിയുടെ ജാമ്യം റദ്ദാക്കിയത്.