ഓണം ബമ്പര്‍; 10 കോടി പരപ്പനങ്ങാടി സ്വദേശിക്ക്

പരപ്പനങ്ങാടി: ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഓണം ബമ്പര്‍ 10 കോടി വിജയിയെ കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശി മൂട്ടത്തറമ്മല്‍ മുസ്തഫ(48)ക്കാണ് ഭാഗ്യം ലഭിച്ചത്. ടിക്കറ്റ് പരപ്പനങ്ങാടിയിലെ ഫെഡറല്‍ബാങ്ക് ശാഖയില്‍ ഏല്‍പ്പിച്ചു.

ഓണം ബമ്പറിന്റെ അവസാന ദിവസങ്ങളില്‍ എടുത്ത ലോട്ടറിക്കാണ് സമ്മാനം അടിച്ചിരിക്കുന്നത്. പരപ്പനങ്ങാടിയില്‍ വിറ്റ എ ജെ 442876 എന്ന നമ്പറിനാണ് പത്തുകോടി രൂപ അടിച്ചത്. ഐശ്വര്യ ലോട്ടറി ഏജന്‍സിയിലെ കൊട്ടന്തല പൂച്ചേങ്ങല്‍കുന്നത്ത് ഖാലിദാണ് ടിക്കറ്റ് വിറ്റത്. ഖാലിദില്‍ നിന്ന് പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് തേങ്ങ കച്ചവടക്കാരന്‍ ആയ മുസ്തഫ ടിക്കറ്റ് വാങ്ങിയത്.തിരൂരിലെ കെ എസ് ലോട്ടറി ഏജന്‍സിയില്‍ നിന്ന് വില്‍പ്പന നടത്തിയ ടിക്കറ്റാണിത്.

250 രൂപയായിരുന്നു ടിക്കറ്റിന്റെ വില. മുസ്തഫയ്ക്ക് ആറ് കോടി മുപ്പത് ലക്ഷം രൂപയായിരിക്കും സമ്മാന തുക ലഭിക്കുക.  90 ലക്ഷം രൂപയോളം ടിക്കറ്റ് വിറ്റയാള്‍ക്ക് ലഭിക്കും .

ഭാര്യ സൈനബ. മക്കള്‍: മുബഷീന, മുഫീദ, മുനീര്‍, മുജീബ് റഹ്മാന്‍.

Related Articles