നടിയെ ആക്രമിച്ച സംഭവം; നടി കാവ്യ മാധവന്റെ വീട്ടില്‍ പോലീസ് പരിശോധന

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി കാവ്യ മാധവന്റെ വീട്ടില്‍ പോലീസ് പിരശോധന നടത്തി. കാവ്യയുടെ വെണ്ണലയിലെ വില്ലയിലാണ് അന്വേഷണ സംഘം ഇന്നലെ രണ്ട് തവണ പരിശോധനയ്ക്കായെത്തിയത്.

നടിയെ ആക്രമിച്ച സമയത്ത് ഇതൊരു ക്വട്ടേഷനാണെന്നും തമ്മനത്തെ ഡിഡി റിട്രീറ്റ് എന്ന വില്ലയില്‍ നന്നുമാണ് തനിക്ക് ഈ ക്വട്ടേഷന്‍ ലഭിച്ചതെന്നും പ്രതിയായ പള്‍സര്‍ സുനി നടിയോട് വ്യക്തമാക്കിയിരുന്നു. പോലീസ് അന്ന് ഈ വില്ല കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. പിന്നീട് ദിലീപിനെ ചുറ്റിപ്പറ്റി അന്വേഷണം ഊര്‍ജ്ജിതമായതോടെയാണ് തമ്മനത്തെ വില്ലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്.

ശനിയാഴ്ച മൂന്ന് മണിക്കും അഞ്ച് മണിക്കും രണ്ട് തവണ പൊലീസ് കാവ്യയുടെ വീട്ടില്‍ അന്വേഷിച്ചെത്തിയതായാണ് സമീപവാസികള്‍ പറയുന്നത്. ഇന്നലെ കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര കടയില്‍നിന്ന് പൊലീസ് സിസി ടിവി പിടിച്ചെടുത്തിരുന്നു.  തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയശേഷം അവ വിദഗ്ധപരിശോധനയ്ക്ക് തിരുവനന്തപുരം സി-ഡിറ്റിലേക്ക്് അയച്ചു. കടയില്‍ അന്നുണ്ടായ ജീവനക്കാരെ ചോദ്യംചെയ്യാനും നീക്കമുണ്ട്.

പള്‍സര്‍ സുനി പണം ആവശ്യപ്പെട്ട് ദിലീപിനെഴുതിയ കത്തില്‍, നടിയെ ആക്രമിച്ചശേഷം കാക്കനാട്ടെ ഈ കടയില്‍ ചെന്നതായി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച പൊലീസ് കാവ്യയുടെ കാക്കനാട്ടെ ലക്ഷ്യയെന്ന സ്ഥാപനത്തില്‍ പരിശോധന നടത്തിയത്. നടിയെ ആക്രമിച്ചതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തില്‍ ഉള്‍പ്പെട്ട കളമശേരി സിഐയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നടിയെ ആക്രമിച്ചശേഷം ഒളിവില്‍പ്പോകുന്നതിനുമുമ്പ് സുനി കടയിലെത്തിയതായാണ് കത്തില്‍ പറയുന്നത്.

അന്ന് അവിടെ ചെന്നിരുന്നോയെന്ന് വ്യക്തതവരുത്താനാണ് സിസി ടിവി പിടിച്ചെടുത്തത്. എന്നാല്‍ ഒരുമാസംവരെയുള്ള ദൃശ്യങ്ങള്‍ മാത്രമാണ് സിസി ടിവിയിലുള്ളത്. ആറുമാസം മുമ്പുള്ള ദൃശ്യങ്ങള്‍വരെ കണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ അത് കേസില്‍ നിര്‍ണായകമായി മാറും.