ഇന്നസെന്റിന്റെ സിനിമകള്‍ തടയണമെന്ന ആവശ്യം ശക്തമാകുന്നു

Innocentകൊച്ചി : പ്രശസ്ത നടനും ചാലക്കുടി ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ ഇന്നസെന്റ് അഭിനയിച്ച സിനിമകള്‍ ടെലിവിഷനില്‍ വരുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കൂടാതെ ഇന്നസെന്റ് അഭിനയിച്ച പുതിയ സിനിമകളുടെ പോസ്റ്ററുകള്‍ പൊതു സ്ഥലങ്ങളില്‍ പതിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷിയാസാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നളിനി നെറ്റോക്ക് പരാതി നല്‍കിയിരിക്കുന്നത്.

ഇന്നസെന്റിന്റെ സിനിമകള്‍ ജനങ്ങളെ മാനസികമായി സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സിനിമകള്‍ തടയണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ ചാലക്കുടി നിയോജക മണ്ഡലം കമ്മറ്റി പ്രവര്‍ത്തകരും ഇതേ ആവശ്യവുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചിരുന്നു.