Section

malabari-logo-mobile

സഞ്ചരിക്കുന്ന ചിത്രശാല’ നവീനമായ ദൃശ്യസംസ്‌കാരത്തിന്‌ തുടക്കമിട്ടു -പി.ഉബൈദുള്ള എം.എല്‍.എ

HIGHLIGHTS : മലപ്പുറം: കേരള ലളിതകലാഅക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാല നവീനമായ ദൃശ്യസംസ്‌കാരത്തിന്‌ തുടക്കമിട്ടുവെന്നും കേരളത്തിന്റെ സാംസ്‌കാരികചരിത്രത്തില്‍ ചല...

IMG_0531മലപ്പുറം: കേരള ലളിതകലാഅക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാല നവീനമായ ദൃശ്യസംസ്‌കാരത്തിന്‌ തുടക്കമിട്ടുവെന്നും കേരളത്തിന്റെ സാംസ്‌കാരികചരിത്രത്തില്‍ ചലിക്കുന്നൊരു പ്രസ്‌ഥാനമായി ലളിതകലാഅക്കാദമി മാറിക്കഴിഞ്ഞുവെന്നും പി.ഉബൈദുള്ള എം.എല്‍.എ. പറഞ്ഞു. അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന ചിത്രശാലയുടെ ജില്ലാതല പ്രദര്‍ശനോദ്‌ഘാടനം കോട്ടക്കുന്നില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലളിതകലാഅക്കാദമിയുടെ കര്‍മപദ്ധതികള്‍ വിവിധ മണ്‌ഡലങ്ങളില്‍ ഊര്‍ജസ്രോതസ്‌സായി മാറിയിരിക്കുന്നു. പുതിയ തലമുറയിലെ ഒട്ടേറെ പേര്‍ ചിത്രകലാരംഗത്തേക്ക്‌ ആകൃഷ്‌ടരായിക്കൊണ്ടിരിക്കുകയാണ്‌. നവീനമായ ഒരു സാംസ്‌കാരികപാരമ്പര്യം വളര്‍ത്തിയെടുക്കാന്‍ ഇത്തരം സംരംഭങ്ങള്‍ക്കാകുമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ സഞ്ചരിക്കുന്ന ചിത്രശാലയുടെ പ്രദര്‍ശനമെത്തുകയാണെങ്കില്‍ ഇനിയും നിരവധി പേര്‍ ഈ രംഗത്തെത്തും. ഗ്രാമീണരായ ജനങ്ങളില്‍ ചിത്രകലാവബോധം വളര്‍ത്താന്‍ ഇത്തരം പദ്ധതികള്‍ക്കാകുമെന്ന്‌ എം.എല്‍.എ.പറഞ്ഞു.

തുടര്‍ന്ന്‌ ജില്ലയിലെ ചിത്രകാരന്‍മാരുടെ കൂട്ടായ്‌മയില്‍ നടത്തിയ`വര്‍ണോത്‌സവം’ ചിത്രരചനാക്യാമ്പ്‌ അക്കാദമി ചെയര്‍മാന്‍ പ്രൊഫ.കാട്ടൂര്‍ നാരായണപ്പിള്ള ഉദ്‌ഘാടനം ചെയ്‌തു. കേരളത്തില്‍ മറ്റ്‌ കലകള്‍ക്കു ലഭിക്കുന്ന പ്രചാരവും സ്വാധീനവും ചിത്ര-ശില്‌പകലകള്‍ക്കു ലഭിക്കുന്നില്ലെന്ന തോന്നലില്‍ നിന്നാണ്‌ സഞ്ചരിക്കുന്ന ചിത്രശാലയെന്ന ആശയത്തിലെത്തിക്കാന്‍ ലളിതകലാഅക്കാദമിയ്‌ക്ക്‌ പ്രചോദനമായതെന്ന്‌ ചെയര്‍മാന്‍ പറഞ്ഞു. പദ്ധതിക്ക്‌ വന്‍ജനപ്രാതിനിധ്യവും സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്‌. രണ്ടാം ഘട്ടത്തില്‍ സംസ്‌ഥാനത്തെ വിവിധ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച്‌ പ്രദര്‍ശനം നടത്തും. ജനങ്ങള്‍ സംതൃപ്‌തരായതിനാല്‍ അക്കാദമിക്ക്‌ വലിയ ഊര്‍ജമാണ്‌ ലഭ്യമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

ചടങ്ങില്‍ കേരള ലളിത കലാ അക്കാദമി സെക്രട്ടറി വൈക്കം എം.കെ.ഷിബു അധ്യക്ഷത വഹിച്ചു. ആളുകള്‍ ചിത്രം കാണാന്‍ ഗ്യാലറികളിലെത്തിയില്ലെങ്കില്‍ അവരെ തേടിപ്പോകുകയാണ്‌ പദ്ധതിയുടെ ലക്ഷ്യമെന്ന്‌ അദ്ദേഹം പറഞ്ഞു. പല വിധ അസൗകര്യം കാരണം ഗ്യാലറികളിലെത്തുന്ന ആസ്വാദകരുടെ എണ്ണം വളരെ കുറവാണ്‌. ചിത്രകലാസ്വാദകരംഗത്തെ ഏറ്റവും വലിയ പോരായ്‌മയാണിത്‌. കേരളത്തില്‍ ആര്‍ട്‌ഗ്യാലറികളില്ലാത്തഇടങ്ങളിലേക്ക്‌ സഞ്ചരിക്കുകയാണ്‌ ഈ ചിത്രശാലയുടെ പ്രത്യേകത. അഭ്യസ്‌തവിദ്യര്‍ക്കു പോലും ആര്‍ട്‌ഗ്യാലറികളെന്തെന്നോ അവ എന്തിനാണെന്നോ അറിയാത്ത സ്‌ഥിതിവിശേഷമാണിന്നുള്ളത്‌. ആസ്വാദകരെ കണ്ടെത്താനുള്ള പ്രയാണമാണിത്‌. ചിത്രം കാണാന്‍ അവസരമുണ്ടായാല്‍ ഈ സാഹചര്യംമാറ്റിയെടുക്കാനാവുമെന്നുള്ള പ്രതീക്ഷയില്‍ നിന്നാണ്‌ ഈ പദ്ധതി രൂപമെടുത്തത്‌. ഇതിലൂടെ ചിത്രകലയെ കൂടുതല്‍ ജനകീയമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ചിത്രകാരന്‍ ആഗ്രഹിക്കുന്ന സ്‌ഥലത്ത്‌ രചനകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഈ ചിത്രശാല പ്രയോജനപ്പെടുത്താമെന്നും സെക്രട്ടറി പറഞ്ഞു.

ചടങ്ങില്‍ നഗരസഭാംഗം സലീന റസാക്ക്‌, ഡി.ടി.പി.സി സെക്രട്ടറി ഉമ്മര്‍കോയ, മുതിര്‍ന്ന ചിത്രകാരന്‍ ദയാനന്ദന്‍, അക്കാദമി നിര്‍വാഹക സമിതി അംഗം ടി.ആര്‍.ഉദയകുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. അക്കാദമി നിര്‍വാഹകസമിതി അംഗം കെ.യു.കൃഷ്‌ണകുമാര്‍ സ്വാഗതവും യൂനുസ്‌ മുഹമ്മദ്‌ നന്ദിയും പറഞ്ഞു.
വരക്കൂട്ടം ചിത്രകലാകൂട്ടായ്‌മയുടെ സഹകരണത്തോടെ ആരംഭിച്ച വാഹനപ്രചരണ ജാഥയില്‍ സാമൂഹിക-സാംസ്‌കാരികരംഗത്തെ നിരവധി പേര്‍ പങ്കെടുത്തു. ജനുവരി 20ന്‌ തിരുവനന്തപുരത്താരംഭിച്ച ചിത്രശാല ജില്ലകള്‍ തോറും സഞ്ചരിച്ച്‌ പ്രദര്‍ശനം നടത്തുന്നു. വര്‍ണോത്‌സവം ചിത്രരചനാക്യാമ്പില്‍ ജില്ലയിലെ 40ഓളം ചിത്രകാരന്‍മാര്‍ പങ്കെടുത്തു. തുടര്‍ന്ന്‌ സമകാലീനചിത്രകലയെ കുറിച്ച്‌ അവലോകനം നടത്തി.ചിത്രകലാസംബന്ധിയായ ഡോക്യുമെന്ററികളുടെ പ്രദര്‍ശനം കാണാന്‍ നിരവധി ആസ്വാദകരെത്തി. മലപ്പുറത്തെ പ്രദര്‍ശനത്തിന്‌ ശേഷം കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, ജില്ലകളില്‍ പ്രദര്‍ശനം നടത്തി ഫെബ്രുവരി അഞ്ചിന്‌ കാസര്‍കോട്‌ സമാപിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!