Section

malabari-logo-mobile

പരപ്പനങ്ങാടിയിലെ സ്വകാര്യ വ്യവസായ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌പിക്കും

HIGHLIGHTS : മലപ്പുറം: പരപ്പനങ്ങാടി നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്നതും പരാതി നില നില്‍ക്കുന്നതുമായ സ്വകാര്യ വ്യവസായ സ്ഥാപനം നിയമാനുസൃതം പ്രവര്‍ത്തിക്കുന്നത...

മലപ്പുറം: പരപ്പനങ്ങാടി നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്നതും പരാതി നില നില്‍ക്കുന്നതുമായ സ്വകാര്യ വ്യവസായ സ്ഥാപനം നിയമാനുസൃതം പ്രവര്‍ത്തിക്കുന്നതിനാവശ്യമായ എല്ലാ നിബന്ധനകളും പൂര്‍ത്തിയാക്കുന്നത്‌ വരെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌പിക്കാന്‍ ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല വിജിലന്‍സ്‌ സമിതി യോഗം തീരുമാനിച്ചു. നഗരസഭാ സെക്രട്ടറിക്ക്‌ ഇത്‌ സംബന്ധിച്ച കത്ത്‌ നല്‍കുന്നതിന്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ എന്‍ജിനീയറെ ചുമതലപ്പെടുത്തി.
മലപ്പുറം സഹകരണ ആശുപത്രിയിലെ മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ ആരോഗ്യം, മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌, നഗരസഭാ സെക്രട്ടറി, ആശുപത്രി അധികൃതര്‍, പരാതിക്കാരന്‍ എന്നിവരെ വിളിച്ചു ചേര്‍ത്ത്‌ പരിശോധിച്ച്‌ നടപടി സ്വീകരിക്കും. ആനമങ്ങാട്‌, തിരൂരങ്ങാടി ജി.എച്ച്‌.എസ്‌.എസുകളില്‍ അനധികൃത കെട്ടിട നിര്‍മാണം സംബന്ധിച്ച്‌ വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ നല്‍കണം.
ജില്ലയില്‍ മണല്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. കലക്‌ടറേറ്റില്‍ പൊതുജനങ്ങള്‍ക്ക്‌ പരാതി അറിയിക്കുന്നതിന്‌ ഹെല്‍പ്‌ ലൈന്‍ സംവിധാനം പുനഃസ്ഥാപിക്കും. അനധികൃത വയല്‍ നികത്തലിനെതിരെ നെല്‍വയല്‍- തണ്ണീര്‍ത്തട നിയമപ്രകാരം ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ ജില്ലാ കലക്‌ടര്‍ യോഗത്തില്‍ അറിയിച്ചു. പൊലീസ്‌- റവന്യൂ പരിശോധന ശക്തിപ്പെടുത്തുന്നും ഉദ്യോഗസ്ഥര്‍ നിയമലംഘനങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി ലഭിച്ച മൂന്നു പരാതികള്‍ ബന്ധപ്പെട്ട വകുപ്പ്‌തല ഉദ്യോഗസ്ഥര്‍ക്ക്‌ കൈമാറി. യോഗത്തില്‍ എ.ഡി.എം. കെ. രാധാകൃഷ്‌ണന്‍, വിജിലന്‍സ്‌ ഡി.വൈ.എസ്‌.പി. കെ. സലീം തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!