Section

malabari-logo-mobile

നമുക്ക് വേണ്ടത് നാഷണല്‍ ഹൈവേകളോ നാട്ടുകൃഷിയോ ?

HIGHLIGHTS : ചരിത്രാതീതകാലം മുതല്‍ സ്വാശ്രയസമുഹനിര്‍മ്മിതിയുടെ ഉദാത്തമാതൃകകളായിരുന്നു

ചന്ദ്രന്‍ നെല്ലേക്കാട്
ചരിത്രാതീതകാലം മുതല്‍ സ്വാശ്രയസമുഹനിര്‍മ്മിതിയുടെ ഉദാത്തമാതൃകകളായിരുന്നു നമ്മുടെ ഗ്രാമങ്ങള്‍. ഓരോ ഗ്രാമങ്ങളും അവര്‍ക്കുവേണ്ട ഏതാണ്ടെല്ലാ സാധനങ്ങളും ഉത്പാദിപ്പിച്ച് ഗ്രാമചന്തകളിലൂടെ പരസ്പരം കൈമാറി. ഗ്രാമങ്ങളിലെ ധനവും സമൃദ്ധിയും കൊണ്ടും കൊടുത്തും ഗ്രാമങ്ങളില്‍ തന്നെ നിലകൊണ്ടു. ഗ്രാമങ്ങളില്‍ നിന്നും സാധനങ്ങള്‍ നഗരങ്ങളിലേക്ക് കൊണ്ടുപോയി. അങ്ങനെ നഗരങ്ങളിലെ ധനം ഗ്രാമങ്ങളിലെത്തിക്കൊണ്ടിരുന്നു. മൂല്യമേറിയതും ഗുണമേന്‍മയില്‍ ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്നതുമായിരുന്നു ഗ്രാമീണ ഉത്പന്നങ്ങള്‍. ഗ്രാമത്തിന്റെ മണ്ണായിരുന്നു ഭക്ഷണത്തിന്റെ സ്രോതസ്സ. അടിസ്ഥാനപരവും ആര്‍ജ്ജിതവുമായ സാങ്കേതികവിദ്യകള്‍ തലമുറകളില്‍ നിന്നും തലമുറകളിലേക്കൊഴുകി. പ്രകൃതിയോടും പ്രകൃതിവിഭവങ്ങളോടുമുള്ള സമീപനങ്ങള്‍ എല്ലാംതന്നെ ധാര്‍മികതയില്‍ അധിഷ്ഠിതമായിരുന്നു.

വ്യാവസായിക വിപ്ലവത്തോടെ അടിസ്ഥാന ഉത്പാദനം ഗ്രാമങ്ങളിലും അവയെ മുല്യവര്‍ദ്ധിതമാക്കി രൂപാന്തരപ്പെടുത്തുന്ന പ്രക്രിയ നഗരങ്ങളും ഏറ്റെടുത്തു. ഇതോടെ ഗ്രാമീണകുടില്‍വ്യവസായങ്ങള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങി. അടിസ്ഥാന ഉത്പാദനത്തേക്കാള്‍ പ്രാധാന്യം മുല്യവര്‍ദ്ധന പ്രവര്‍ത്തനത്തിനായി. ഇത്തരം ചിന്തകള്‍ നാമ്പെടുക്കാന്‍ കഴിയുംവിധമുള്ള ആധുനിക സാംസ്‌കാരിക ബോധനങ്ങള്‍ക്ക് നഗരം രൂപം നല്‍കി. ക്രമേണ നാഗരിക ഉത്പന്നങ്ങളോടും ഉപഭോഗസംസ്‌കൃതിയോടുമുള്ള ജനതയുടെ അഭിനിവേശം വര്‍ദ്ധിക്കാന്‍ തുടങ്ങി. ഇത്തരത്തിലുള്ള നാഗരിക
ഉപഭോഗസംസ്‌കൃതിയെ ഭരണകൂടങ്ങള്‍ പ്രോത്സാഹിപ്പിക്കാനും തുടങ്ങിയതോടെ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള പഴയ ബന്ധത്തിനു അറുതവന്നു. ഫലമോ ഗ്രാമങ്ങളിലെ സമ്പത്ത് നഗരങ്ങളിലേക്കെത്താനും നഗരവ്യവസായങ്ങള്‍ തടിച്ചുകൊഴുക്കാനും തുടങ്ങി. ക്രമേണ ഗ്രാമങ്ങളും അവിടത്തെ നാട്ടുകൃഷിയും ആര്‍ക്കും വേണ്ടാതായി. അഥവാ ഒരു രണ്ടാംതരം ഇടപാടായി പരിണമിച്ചു. മണ്ണിലെ ഭക്ഷണത്തെ പുറത്തെടുക്കുന്നവന് സ്വന്തം ഉത്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കുവാന്‍ കഴിയാതാകുമ്പോള്‍തന്നെ അതിനെ മൂല്യവര്‍ദ്ധിത രൂപത്തിലാക്കുന്നവന് തന്റെ ഉത്പന്നങ്ങള്‍ക്ക് എന്തുവിലയും നിശ്ചയിക്കാമെന്നായി. ആധുനിക സാങ്കേതികവിദ്യകളുടെയും കണ്ടുപിടുത്തങ്ങളുടെയും ഫലമായി നഗരങ്ങളില്‍ നിര്‍മ്മിക്കപ്പെടുന്ന ഏത് ഉത്പന്നങ്ങളും അവര്‍ പറയുന്ന വില കൊടുത്ത് വാങ്ങാന്‍ കര്‍ഷകരും മറ്റുള്ളവരും നിര്‍ബന്ധിതരായി. ഭരണകൂടങ്ങള്‍ നഗരവ്യവസ്ഥയുടെ മലക്കംമറിച്ചിലുകള്‍ മൂലം കണ്ണില്‍ എണ്ണയൊഴിച്ച് കാത്ത വിളകള്‍ അമ്പേ പരാജയപ്പെട്ടപ്പോള്‍ പോലും നാമമാത്രമായ ചില സഹായങ്ങളുടെ വെച്ചുനീട്ടലുകള്‍ മാത്രമാണ് നാടന്‍ കര്‍ഷകന്‍ ലഭിച്ചത്. കാരണം ഭരണകൂടതാത്പര്യങ്ങളില്‍ മേല്‍ക്കൈ നഗരങ്ങള്‍ക്കായിരുന്നു.

sameeksha-malabarinews

ഇന്നത്തെ പല ഭക്ഷ്യധാന്യങ്ങളും 4000 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് നമ്മുടെ വീടുകളിലെത്തുന്നത്. ഈ ആഹാരവിതരണത്തിനായി ഉപയോഗപ്പെടുത്തുന്ന ഊര്‍ജ്ജം, അതുണ്ടാക്കിയ പരിസ്ഥിതിപ്രശ്‌നങ്ങള്‍, അതിനായി നിര്‍മ്മിച്ച ഹൈടെക് റോഡുകള്‍, അവയ്ക്കായി ചെലവഴിച്ച പൊതുധനം, അതിനായി നശിപ്പിച്ച പ്രകൃതിദത്ത സംവിധാനങ്ങള്‍, തകര്‍ക്കപ്പെട്ട കൃഷിയിടങ്ങള്‍ എന്നിവ കൂടി കണക്കിലെടുത്തു വേണം ഈ ആഹാരത്തിന്റെ വില നിശ്ചയിക്കാന്‍. ഈ സാധനകടത്തിനായി കത്തിക്കപ്പെടുന്ന ഖനിജ ഇന്ധനങ്ങളുടെ ജ്വലനം മുലം ഉയരുന്ന അന്തരീക്ഷകാര്‍ബണ്‍, അതുയര്‍ത്തിയേക്കാവുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍ എന്നിവ കണക്കിലെടുക്കുമ്പോഴാണ് വെറും 30 കി.മി ചുറ്റളവില്‍ ജീവിതത്തിനാവശ്യമായ എല്ലാ സാധനങ്ങളും ഉത്പാദിപ്പിച്ച് കൈമാറിയിരുന്ന നമ്മുടെ സ്വാശ്രയഗ്രാമങ്ങളുടെ പ്രാധാന്യം നമുക്ക് ബോധ്യമാവുക. പ്രകൃതി വ്യവസ്ഥയെ പരമാവധി നോവിക്കാതെയുള്ള ഈ ഭക്ഷണ കൈമാറ്റ വ്യവസ്ഥയില്‍ ഓരോ പ്രദേശത്തെ ജനങ്ങളുടെയും ആരോഗ്യകരമായ നിലനില്‍പിന് അതാത് പ്രദേശത്ത്, അതാത് കാലാവസ്ഥയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷണമാണ് ആഹരിക്കപ്പെടേണ്ടത് എന്ന ഭക്ഷണശാസ്ത്രത്തിന്റെ പ്രാഥമിക തത്ത്വങ്ങള്‍ പോലും കൃത്യമായി പാലിക്കപ്പെട്ടിരുന്നു.


ഇന്ത്യ ഗ്രാമങ്ങളില്‍ ജീവിക്കുന്നു’, സ്വാശ്രയഗ്രാമങ്ങളിലൂടെ മാത്രമേ ഇന്ത്യയുടെ സ്വാശ്രയ സ്വപ്‌നം സഫലമാകൂ’ ,എന്നുപറഞ്ഞ മഹാത്മാവിന്റെ ദീര്‍ഘദര്‍ശനങ്ങള്‍ എവിടെ? ഇന്ത്യയിലെ ജനങ്ങളില്‍ 34 കോടി പേര്‍ ഇപ്പോള്‍ നഗരവാസികളാണ്. 2050 ആകുമ്പോഴേക്കും ഇത് 64 കോടിയോളമാകും. നാഗരിക ജീവിതരീതികളോടുള്ള ജനങ്ങളുടെ ആഭിമുഖ്യം മറയാക്കി കൃഷിയിടങ്ങള്‍ നികത്തി ആധുനിക നഗരങ്ങള്‍ കെട്ടിപ്പൊക്കി കൊള്ളലാഭം കൊയ്യുന്ന കമ്പനികള്‍, വ്യവസായവത്കരണത്തിന്റെ ഫലമായി കൃഷിയിടങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെടുന്ന ജനത, ആധുനിക ഉപഭോഗതാത്പര്യങ്ങള്‍ക്കും വ്യവസായ താല്‍പര്യങ്ങള്‍ക്കും വഴങ്ങുന്ന വലിയ നാലുവരിപ്പാതകള്‍ നിര്‍മ്മിക്കുമ്പോള്‍ സ്വന്തം ഭൂമിയില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെടുന്ന ഗ്രാമസമൂഹം, മൂല്യം കുറഞ്ഞ ഭക്ഷണവും തെറ്റായ ജീവിതരീതികളും, മൂലം ആരോഗ്യം അന്യമായിക്കൊണ്ടിരിക്കുന്ന നഗരവാസികള്‍, അനുദിനം ഉയരുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, ഇവയെല്ലാം അന്യം നിന്നുപോയ നാട്ടുകൃഷിയുടേയും മൂല്യമേറിയ നാട്ടുഭക്ഷണത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്നു.
ഗ്രാമസംസ്‌കൃതിയും നാട്ടുകൃഷിയും വെറും ഭക്ഷണനിര്‍മ്മാണവും കൈമാറ്റവുമെന്നതിലപ്പുറം മറ്റു ചിലതു കൂടിയായിരുന്നില്ലേ? കൂട്ടായ്മയോടെ അധ്വാനിച്ച് ആഘോഷങ്ങളും വിളകളും സുഖങ്ങളും ദു:ഖങ്ങളും ഒരുമിച്ച് പങ്കുവെച്ച ഗ്രാമീണജനതയുടെ ജീവിതത്തില്‍ മാനവീയ കൂട്ടായ്മയുടെ ഉത്കൃഷ്ടതലങ്ങള്‍ ദര്‍ശിക്കാനായിരുന്നില്ലേ? പരസ്പര ബഹുമാനത്തിന്റെ പ്രകൃതിസംരക്ഷണത്തിന്റെ, നാട്ടുവിത്ത് സംരക്ഷണത്തിന്റെ മാനവീയ കൂട്ടായ്മയുടെ മൂല്യങ്ങളായിരുന്നില്ലേ, ഈ ഗ്രാമസംസ്‌കാരത്തിനാധാരം.
സാമ്പത്തിക താത്പര്യങ്ങളോടുള്ള അമിതാസക്തിയില്‍ നാട്ടുവഴികള്‍ നാലുവരിപ്പാതകള്‍ക്ക് വഴിമാറിയപ്പോള്‍ ചീറിപ്പായുന്ന വാഹനവ്യൂഹമൊഴുകുന്ന ആധുനിക പാതയിലൂടെ വഴിനടക്കാനുള്ള സ്വാതന്ത്ര്യം പോലും ഗ്രാമീണ ജനതയ്്ക്ക് നിഷേധിക്കപ്പെട്ടു. ലഭിച്ചതോ? ജനിതകമാറ്റം വരുത്തിയ വിത്തുകളും പേക്കറ്റ് ആഹാരങ്ങളും മള്‍ട്ടിസ്‌പെഷ്യലിറ്റി ആശുപത്രികളും വൃദ്ധസദനങ്ങളുമല്ലാതെ മറ്റെന്താണ് ?
‘സ്വാതന്ത്ര്യത്തിന്റെ മഹാമാര്‍ഗ്ഗങ്ങളില്‍ ഉപഭോഗത്തിന്റെ പാഴ്ച്ചണ്ടികള്‍ കുത്തിനിറച്ച് മനുഷ്യന്റെ പുരോഗതി മുട്ടിക്കുകയാണ് ഉത്പാദകര്‍ അവരുടെ പരസ്യങ്ങളിലൂടെ ചെയ്യുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!