ചേളാരി ചന്ത അടുത്താഴ്‌ച മുതല്‍ പുതിയ സ്ഥലതത്തേക്ക്‌ മാറ്റുന്നു

Story dated:Thursday October 8th, 2015,03 04:pm

chelary chandayude puthiya valappu (1) copyവള്ളിക്കുന്ന്‌ : മലബാറില്‍ അറിയപ്പെടുന്ന ചേളാരി ചന്ത അടുത്താഴ്‌ച മുതല്‍ ചേളാരി ഐ.ഒ.സി പ്ലാന്റിന്‌ പിറകിലെ പടിഞ്ഞാറ്‌ ഭാഗത്ത്‌ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തേക്ക്‌ മാറുന്നു. നൂറ്റാണ്ടുകളോളം പഴക്കമുള്ള ചേളാരി ചന്തയാണ്‌ ദേശീയ പാതയോരത്ത്‌ നിന്നും ഗതാഗതക്കുരുക്ക്‌ ഒഴിവാക്കുന്നതിനായി സ്ഥലം മാറ്റുന്നത്‌. ചന്ത നടക്കുന്ന ചൊവ്വാഴ്‌ച ദിവസങ്ങളില്‍ ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക്‌ ഒഴിയാറില്ല. ഇതെ തുടര്‍ന്നാണ്‌ പൊലീസിന്റെ നിര്‍ദേശ പ്രകാരം ചന്ത സ്ഥലം മാറ്റുന്നത്‌. ഒന്നര ഏക്കറോളം സ്ഥലത്താണ്‌ പുതിയ ചന്ത ഒരുങ്ങുന്നത്‌. അടുത്ത ചൊവ്വാഴ്‌ച മുതലുള്ള ചന്തകളായിരിക്കും പുതിയ വളപ്പില്‍ നടക്കുക. കാലി ചന്തകളും പല വ്യജ്ഞന ചന്തകളും പുതിയ സ്ഥലത്തേക്ക്‌ മാറ്റും. ഇതിനായി ഷെഡ്ഡുകളും മറ്റും പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലാണ്‌ . കാലി ചന്തക്ക്‌ പ്രത്യേക സൗകര്യവും ഒരുക്കുന്നുണ്ട്‌. പല വ്യജ്ഞന കചച്ചവടക്കാര്‍ക്കാണ്‌ ഷെഡ്ഡുകള്‍ ഒരുങ്ങുന്നത്‌. അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലോറികള്‍ക്കും ചന്തയിലേക്കെത്തുന്ന മറ്റു വാഹനങ്ങള്‍ക്കും പാര്‍ക്കിങ്‌ സൗകര്യവും ഒരുക്കുന്നുണ്ട്‌.പുതിയ ചന്തക്കുള്ള ലൈസന്‍സിനുള്ള അപേക്ഷ നല്‍കിയാല്‍ ലൈസന്‍സ്‌ ഉടന്‍ നല്‍കുമെന്ന്‌ തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.പി മുഹമ്മദ്‌ ഉസ്‌മാന്‍ പറഞ്ഞു.
ഐഒസി പ്ലാന്റിന്‌ പിറകിലേക്ക്‌ ചന്ത മാറ്റുന്നതോടെ ചേളാരിയി നിന്ന്‌ മാതാപുഴ റോഡിലൂടെയും പ്ലാന്റിന്റെ തെക്ക്‌ ഭാഗത്തെ റോഡിലൂടെയും ചന്തയിലേക്ക്‌ ഗതാഗത സൗകര്യമുണ്ട്‌.
എന്നാല്‍ ചന്ത സ്ഥലം മാറ്റിയാലും ചേളാരി അങ്ങാടിയിലെ ഗതാഗതക്കുരുക്കിന്‌ പരിഹാരമുണ്ടാവില്ലെന്നാണ്‌ പറയപ്പെടുന്നത്‌.ചേളാരി ചന്തയിലേക്കുള്ള വാഹനങ്ങളും ഐ.ഒ.സിയിലേക്കുള്ള വാഹനങ്ങളും വീണ്ടും ചേളാരി അങ്ങാടിയില്‍ ഗതാഗത തടസ്സം സൃഷ്‌ടിക്കുമെന്നാണ്‌ വിലയിരുത്തല്‍. അതെ സമയം ചന്ത സ്ഥലം മാറ്റുന്നതോടെ ചന്ത ലക്ഷ്യം വെച്ച്‌ വരുന്ന ആളുകള്‍ക്ക്‌ ചന്തയിലെത്തണമെങ്കില്‍ ചേളാരി അങ്ങാടിയില്‍ നിന്ന്‌ വീണ്ടും ഒരു കിലോ മീറ്ററോളം സഞ്ചരിക്കേണ്ട ബുദ്ധിമുട്ടിനിടവരുത്തും.