സൈനികരുടെ പങ്ക് വിലമതിക്കാനാവത്തത്: മുഖ്യമന്ത്രി

മലപ്പുറം:രാജ്യത്തിന്റെ പുരോഗതിയില്‍ സൈനികരുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിവില്‍ സ്റ്റേഷനില്‍ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പുതുക്കി പണിയുന്ന ‘യുദ്ധസ്മാരക’ത്തിന് ശിലയിടുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പുരോഗതിക്ക് സമാധാനം ആവശ്യമാണ്. സമാധാനം നിലനിര്‍ത്തുന്നതില്‍ ജവാന്‍മാരുടെ പങ്ക് വലുതാണ്. വീരമൃത്യു വരിച്ച ജവാന്‍മാരുടെ കുടുംബത്തിന് ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍, നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി, എം.എല്‍.എ മാരായ എം. ഉമ്മര്‍, പി.കെ ബഷീര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, പി. ശ്രീരാമകൃഷ്ണന്‍, റ്റി. എ അഹമ്മദ് കബീര്‍, പി. ഉബൈദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു, വര്‍ഗീസ് താപ്പില്‍ , കേണല്‍ ആര്‍. കെ. നായര്‍ പങ്കെടുത്തു.

രാജ്യത്തിനായി ജീവത്യാഗം ചെയ്ത ജില്ലയിലെ സൈനികരുടെ സ്മരണക്ക് നിര്‍മിച്ച യുദ്ധസ്മാരകമാണ് പുതുക്കി പണിയുന്നത്. ഒന്നാം ലോക മഹായുദ്ധം മുതല്‍ കാര്‍ഗില്‍ യുദ്ധം വരെ ജില്ലയിലെ 27 പേരാണ് ജീവത്യാഗം ചെയ്തത്.

1998 ലാണ് ജവാന്മാരുടെ ഓര്‍മയ്ക്കായി സ്മാരകമുയര്‍ന്നത്. ജില്ലാ കലക്റ്ററായിരുന്ന പ്രദീപ് കുമാറിന്റെ സാന്നിധ്യത്തില്‍ ഏപ്രില്‍ 28 ന് സൈനിക ക്ഷേമ ഡയറക്റ്റര്‍ കാപ്റ്റന്‍ അമീര്‍ അലിയാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്. ഓഗസ്റ്റ് 15 നും ജനുവരി 26 നും ധീരജവാന്മാര്‍ക്ക് ആദരാഞ്ജലിയുമായി യുദ്ധസ്മാരകത്തില്‍ വിമുക്തഭടന്‍മാര്‍ ഒത്തുചേര്‍ന്ന് റീത്ത് സമര്‍പ്പിക്കാറുണ്ട്. എക്‌സ് സര്‍വീസസ് ലീഗിന്റെ അപേക്ഷ പരിഗണിച്ചാണ് ജില്ലാ പഞ്ചായത്ത് പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി യുദ്ധ സ്മാരകത്തിന്റെ പുനര്‍ നിര്‍മാണം 2012-13 ലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. 20 ലക്ഷം ചെലവിലാണ് സ്മാരകം നിര്‍മിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top