‘സാമൂഹിക പുന:നിര്‍മാണം ദൃശ്യസാക്ഷരതയിലൂടെ’: തുഞ്ചന്‍ സ്മാരക കോളേജില്‍ തുടക്കം

തിരൂര്‍ :ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രിയദര്‍ശിനി ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹകരണത്തോടെ നടത്തുന്ന ‘സാമൂഹിക പുന: നിര്‍മാണം ദൃശ്യ സാക്ഷരതയിലൂടെ’ പരിപാടിയ്ക്ക് തുടക്കമായി. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളെജില്‍ തുടങ്ങിയ പരിപാടി ജില്ലയിലെ തെരഞ്ഞെടുത്ത മറ്റ് കോളെജുകളിലും നടത്തും. ലോകസിനിമ കരുത്തുറ്റ പ്രമേയങ്ങള്‍ക്കായി സമ്പന്നമായ സാഹിത്യമുളള മലയാളത്തെ ആശ്രയിക്കുന്ന കാലം ഉടന്‍ വരുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദ് അഭിപ്രായപ്പെട്ടു. വരണ്ടുണങ്ങിയ ഭൂമി മഴത്തുളളി ഒപ്പിയെടുക്കുന്നതുപോലെ ദൃശ്യഭാഷ പഠിക്കണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. ദൃശ്യഭാഷയില്‍ വഞ്ചിതരാകാതിരിക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ ‘ശ്രീ വികസന വര്‍ഷം കാരുണ്യ വര്‍ഷം’ ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു. തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.സഫിയ ടീച്ചര്‍ അധ്യക്ഷയായി. പ്രിയദര്‍ശിനി ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍കൂടിയായ നടന്‍ രവീന്ദ്രന്‍ ദൃശ്യസാക്ഷരതയെക്കുറിച്ചും ചലച്ചിത്രത്തിന്റെ പരിണാമത്തെ കുറിച്ചും ക്ലാസ്സെടുത്തു.

തിരൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി.രാമന്‍കുട്ടി, കൗണ്‍സിലര്‍ പി.പി.ലക്ഷ്മണന്‍, പ്രിന്‍സിപ്പല്‍ വി.പി.ബാബു, വൈസ് പ്രിന്‍സിപ്പല്‍ കെ.വീരാവുണ്ണി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി.സുലഭ, മലയാള വിഭാഗം മേധാവി വിജു നായരങ്ങാടി, ബ്രില്ലി റാഫേല്‍ എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top