ശാസ്ത്ര തീവണ്ടി കോഴിക്കോട്ടെത്തിയത് 92000 കിലോമീറ്റര്‍ പിന്നിട്ട്.

കോഴിക്കോട്: ഇന്ത്യയിലെ ശാസ്ത്ര നേട്ടങ്ങളുടേയും ജൈവവൈവിധ്യങ്ങളുടേയും വിസ്മയക്കാഴ്ചകളൊരുക്കി എത്തിയ ജൈവവൈവിധ്യ ശാസ്ത്ര വണ്ടി കാണാന്‍ ആദ്യദിവസംതന്നെ സന്ദര്‍ശകബാഹുല്യം. 2007 ല്‍ തുടക്കംകുറിച്ച സയന്‍സ് എക്‌സ്പ്രസ് പര്യടനം ആറാമത്തെ വര്‍ഷമാണ് കോഴിക്കോട്ടെത്തുന്നത്. ഇതിനോടകം 92,000 കിലോമീറ്റര്‍ രാജ്യത്താകമാനം താണ്ടിയ ഈ ശാസ്ത്രവണ്ടി ഇന്ത്യയിലെ ഏറ്റവും വലിയതും നീളമേറിയതും കൂടുതല്‍ പ്രദര്‍ശനങ്ങള്‍ നടത്തിയതുമായ മൊബൈല്‍ പ്രദര്‍ശനം എന്ന ഖ്യാതി നേടിക്കഴിഞ്ഞു.

രാജ്യത്തെ ജൈവ വൈവിധ്യങ്ങള്‍ സംരക്ഷിക്കുക, ജൈവസന്തുലനാവസ്ഥ നിലനിര്‍ത്തുക, കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെ 16 ശീതീകരിച്ച കോച്ചുകളിലാണ് പ്രദര്‍ശനമൊരുക്കിയത്. ഇന്ത്യയുടെ 10 ജൈവവൈവിധ്യ മേഖലകളെക്കുറിച്ച് പ്രദര്‍ശനം അറിവ് നല്‍കും. കുട്ടികളെ ശാസ്ത്ര സത്യങ്ങളെക്കുറിച്ച് ബോധവാന്‍മാരാക്കാനുളള പ്രത്യേക കിഡ്‌സ് സോണും വണ്ടിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ജൈവവൈവിധ്യങ്ങളുടെ പ്രവിശാല കേന്ദ്രങ്ങളായ ഗംഗാസമതലം,വടക്കുകിഴക്കന്‍ ഇന്ത്യ, സമതല പ്രദേശങ്ങള്‍, മരുഭൂമികള്‍, സഹ്യപര്‍വ്വത നിര, ഹിമാലയന്‍ സാനുക്കള്‍, ഡക്കാന്‍ പീഠഭൂമി, തീരദേശങ്ങള്‍, ദ്വീപ് സമൂഹങ്ങള്‍ എന്നിവയെപ്പറ്റിയുളള വിവരങ്ങള്‍ പ്രദര്‍ശനത്തെ ശ്രദ്ധേയമാക്കുന്നു. കാലാവസ്ഥ വ്യതിയാനവും സംരക്ഷിത മാര്‍ഗ്ഗങ്ങളും, ജൈവവൈവിധ്യവും ജലസംരക്ഷണവും, ഊര്‍ജ്ജ സംരക്ഷണം, കണക്ക്, ശാസ്ത്രം, പരിസ്ഥിതി സംബന്ധിയായി കുട്ടികള്‍ക്കുളള കളികള്‍ എന്നിവ പ്രദര്‍ശനത്തിനുണ്ട്. പ്രദര്‍ശനം ജില്ലാ കളക്ടര്‍ സി.എ ലതയുടെ അധ്യക്ഷതയില്‍ എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു.
അര്‍ബുദത്തെ പ്രതിരോധിക്കുന്ന ഔഷധ സസ്യങ്ങള്‍, വിവിധതരം സസ്തനികള്‍, ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍, പരിസ്ഥിതി സൗഹൃദ ഭവനങ്ങള്‍, വിവിധതരം പരിപ്പ്-പഴ വര്‍ഗ്ഗങ്ങള്‍, മാലിന്യ സംസ്‌കരണം, പെട്രോളിയം സംരക്ഷണം, പുനരുല്‍പാദിപ്പിക്കാന്‍ കഴിയുന്ന ഊര്‍ജ്ജ വിഭാഗങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുളള വിപുലമായ വിവരങ്ങള്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.
2013 ഏപ്രില്‍ ഒമ്പതിന് ഡല്‍ഹി സഫ്ദര്‍ജംഗില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത ശാസ്ത്ര വണ്ടി 204 ദിവസങ്ങള്‍ സഞ്ചരിച്ച് 62 സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ച് ഒക്‌ടോബര്‍ 28 ന് ഗാന്ധിനഗര്‍ ക്യാപിറ്റലില്‍ യാത്ര അവസാനിപ്പിക്കും.
കേരള ശാസ്ത്ര കൗണ്‍സില്‍, കേരള ശാസ്ത്ര സങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ദേശീയ ഹരിതസേന എന്നിവയുടെ സഹകരണത്തോടെയാണ് കോഴിക്കോട്ടെ പ്രദര്‍ശനം. ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, മലബാര്‍ ബോട്ടണിക്കല്‍ ഗാര്‍ഡന്‍, പ്രസ്‌ക്ലബ്, മേഖലാ ശാസ്ത്ര കേന്ദ്രം, കോഴിക്കോട് റെയില്‍വേ, കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി, ദര്‍ശനം സാംസ്‌കാരിക വേദി എന്നിവയുടെ സഹായവും പ്രദര്‍ശനത്തിനുണ്ട്.

 

Share news
error: Content is protected !!
Scroll to Top