മലയാളിയുടെ കടയില്‍ നിന്ന് മൊബൈല്‍ഫോണുകളുമായി യുവതിയും യുവാവും മുങ്ങി

ദോഹ: സെയില്‍സ്മാന്മാരെ കബളിപ്പിച്ച് മലയാളിയുടെ സ്ഥാപനത്തില്‍ നിന്ന് അറബ് വംശജരായ യുവാവും യുവതിയും വിലയേറിയ മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്തു.
സൂഖ് അസീരിയിലെ കടയിലെ സെയില്‍സ്മാനെ കബളിപ്പിച്ചാണ് രണ്ടു  ഫോണുകളുമായി പ്രതികള്‍ കടന്നത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ലാന്റ് ക്രൂയിസര്‍ വാഹനത്തിലെത്തിയ യുവാവ് കടയില്‍ കയറി സാംസങ് ഗാലക്‌സി എസ് ഫോര്‍, നോട്ട് ത്രീ ഫോണുകള്‍ ആവശ്യപ്പെട്ടു. ഇവ പരിശോധിച്ച ശേഷം വാഹനത്തിലിരിക്കുന്ന ഭാര്യക്ക് കാണിച്ചുകൊടുക്കണമെന്ന് പറഞ്ഞു.
സെയില്‍സ്മാന്‍ വാഹനത്തിലുണ്ടായിരുന്ന യുവതിക്കും ഫോണുകള്‍ കാണിച്ചു കൊടുത്തു. തുടര്‍ന്ന് കടയിലേക്ക് തന്നെ തിരിച്ചുവന്ന യുവാവ് ഇവ വാങ്ങുന്നതായി അറിയിച്ചു. ഫോണിന്റെ കവറുകള്‍ കൂടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.  കവറെടുക്കാന്‍ സെയില്‍സ്മാന്‍ കടക്കകത്തേക്ക് പോയ സമയത്ത് രണ്ടു ഫോണുകളുമായി വാഹനത്തില്‍ കടന്നുകളയുകയായിരുന്നു.
രണ്ടു ഫോണുകള്‍ക്കുമായി 5,000 റിയാല്‍ വിലയുണ്ട്. ഈജിപ്ഷ്യന്‍ സ്വദേശികളെന്ന് കരുതുന്ന യുവാവിനും യുവതിക്കും 26ഉം 23ഉം വയസ് തോന്നിക്കുമെന്ന് കടയിലെ സെയില്‍സ്മാന്‍ പറഞ്ഞു. പാനൂര്‍ സ്വദേശിയായ കടയുടമ കാപിറ്റല്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പൊലീസും സി.ഐ.ഡി വിഭാഗവും കടയിലെത്തി പരിശോധന നടത്തി. കടയിലെ സി.സി ടി.വി കാമറ ഏതാനും ദിവസങ്ങളായി കേടായിരുന്നതിനാല്‍ മോഷ്ടാക്കളുടെ ദൃശ്യമ പതിഞ്ഞിട്ടില്ല. അടുത്തുള്ള മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തിലെ കാമറിയില്‍ നിന്ന് വാഹനത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top