പള്ളിയില്‍ വെച്ച് പ്രകൃതിവിരുദ്ധ ലൈംഗീക പീഢനം ; ഇമാം അറസ്റ്റില്‍

തേഞ്ഞിപ്പലം :പള്ളിക്കുളളില്‍ വെച്ച് സ്ഥിരമായി ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ പള്ളി ഇമാമിനെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. ചേലേമ്പ്ര പടിഞ്ഞാറ്റാംപൊയില്‍ മസ്ജിദുല്‍ ഹിദായ പള്ളിയിലെ ഇമാമായ മലപ്പുറം മേല്‍മുറി സ്വദേശി പാലക്കോട് അബ്ദുള്ള ദാരിമിന്‍ (54) ആണ് പിടിയിലായത്.

എട്ടുവയസുള്ള രണ്ടു കുട്ടികളെയും പതിനൊന്ന് വയസ്സുള്ള ഒരു കുട്ടിയേയും പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് കൊണ്ടു വന്നത് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ്.

നിസ്‌ക്കാരത്തിനായി പള്ളിയില്‍ എത്താറുള്ള ഈ കുട്ടികളെ ചില്ലറസാധനങ്ങള്‍ വാങ്ങാന്‍ പുറത്തേക്കയക്കുകയും പിന്നീട് തിരിച്ച് ഇമാമിന്റെ വിശ്രമ മുറിയിലെത്തിച്ച് പീഢിപ്പിക്കുകയുമായിരുന്നു.

കുട്ടികള്‍ പള്ളിയില്‍ പോകുവാന്‍ മടികാണിച്ചതിനെ തുടര്‍ന്ന് കാര്യമന്വേഷിച്ച ഒപ്പമുള്ള കുട്ടികളോട് ഇവര്‍ സംഭവം പറയുകയായിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന ചില കുട്ടികള്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും പിന്നീട് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് വിവരങ്ങള്‍ പുറത്ത് വന്നത്. നിസ്‌ക്കാരത്തിന് ഉപയോഗിക്കുന്ന മുസല്ല (വിരി) പോലും ഇയാള്‍ ഈ ആവശ്യത്തിനായി ഉപയോഗിച്ചിരുന്നു എന്ന് കുട്ടികള്‍ പറഞ്ഞു. ഈ കുട്ടികളില്‍ ഒരാളെ നിരന്തരം പീഢിപ്പിച്ചതായാണ് സൂചന.

35 വര്‍ഷമായി മലബാര്‍ മേഖലയിലെ നിരവധി പള്ളികളിലും മദ്രസകളിലും ഇമാമായും അധ്യാപകനായും ജോലിചെയ്തുവരുന്ന ഇയാള്‍ ചേലേമ്പ്രയിലെ ഈ പള്ളിയിലെത്തിയിട്ട് രണ്ടുമാസമേ ആയിട്ടുള്ളു.  ഇയാള്‍ക്ക് ഭാര്യയും ആറുമക്കളുമുണ്ട്.

 

ഇതെ തുടര്‍ന്ന് പരാതിയില്‍ തേഞ്ഞിപ്പലം പോലീസ് ഇയാള്‍ താമസിക്കുന്ന മേല്‍മുറിയിലെ വീട്ടിലെത്തി ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ മൂന്ന് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ കുട്ടികളെ പീഢനത്തിനിരയാക്കിയിട്ടുണ്ടോ എന്നറിയാന്‍ ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Share news
error: Content is protected !!
Scroll to Top