തിരുകേശം; ലീഗിനെതിരെ സമസ്ത കോടതിയിലേക്ക്

മലപ്പുറം : തിരുകേശ വിവാദവുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാതെ മുസ്ലീംലീഗ് നേതൃത്വം വഞ്ചിച്ചതില്‍ പ്രതിഷേധിച്ച് ഇ കെ സുന്നി വിഭാഗം കോടതിയെ സമീപിക്കും. ഇതു സംബന്ധിച്ച് തിരുത്തിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ലീഗ് നേതൃത്വം സമസ്തയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും ഇത് പാലിക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

കാരന്തൂരില്‍ നബിയുടെ തിരുകേശം സൂക്ഷിക്കുന്ന പള്ളി സ്ഥാപിക്കാനുള്ള കാന്തപുരം സുന്നി വിഭാഗത്തിന്റെ നീക്കം നേരത്തെ വിവാദമായിരുന്നു. പ്രവാചകന്റെ മുടിയല്ലെന്ന വാദവുമായി വിവിധ മുസ്ലീം സംഘടനകള്‍ രംഗത്തെത്തി. പള്ളി സ്ഥാപിക്കുന്നതിന്റെ പേരില്‍ വ്യാപക പണപ്പിരിവ് നടക്കുന്നതായും ആക്ഷേപമുയര്‍ന്നു. ഇ കെ സമസ്തയ്ക്കു കീഴിലുള്ള സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭസമിതി രൂപികരിക്കുകയും ചെയ്തു. എന്നാല്‍, സര്‍ക്കാര്‍ കോടതിയില്‍ കാന്തപുരം വിഭാഗത്തിന് അനുകൂലമായ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. ഇതോടെ ലീഗ് -സമസ്ത ബന്ധം വഷളായി. മന്ത്രിമാര്‍ക്കെതിരെ സമസ്ത പരസ്യ പ്രസ്താവനകളുമായി രംഗത്തെത്തി.

തുടര്‍ന്നാണ് പാണക്കാട്ട് ലീഗ് നേതാക്കള്‍ സമസ്തയുമായി ചര്‍ച്ച നടത്തിയത്. തിരുകേശത്തെക്കുറിച്ച് അനേ്വഷണം നടത്തുന്നത് കേരളത്തില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ഇത് ശുദ്ധ അസംബന്ധമാണെന്നും സത്യവാങ്മൂലം തിരുത്തി നല്‍കണമെന്നും സമസ്ത അന്ത്യശാസനം നല്‍കി. എന്നാല്‍ ചര്‍ച്ചയ്ക്ക് ശേഷം ലീഗ് വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറി. തിരുത്തല്‍ ആവശ്യമില്ലെന്ന് ലീഗ് നേതാക്കള്‍ പിന്നീട് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് സമസ്തയെ ചൊടിപ്പിച്ചു. സമസ്തയുടെ 40 അംഗ പണ്ഡിതസഭ ചേര്‍ന്ന് ലീഗിന്റെ വഞ്ചന ചര്‍ച്ച ചെയ്തു. നിയമനനടപടിക്കൊപ്പം പ്രത്യക്ഷ സമരത്തിനും യോഗം തീരുമാനിച്ചു.

 

 

Share news
error: Content is protected !!
Scroll to Top