ദുബായ്: യുഎഇയിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദേ്യാഗസ്ഥന് ഇന്ത്യക്കാരനായ വാന്‍ ഡ്രൈവറെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി യുട്യൂബില്‍ അപ് ലോഡ് ചെയ്ത ഇന്ത്യന്‍ യുവാവിനെ ദുബായ് പോലീസ് അറസ്റ്റു ചെയ്തു. സര്ക്കാരുദേ്യാഗസ്ഥന്റെ പൊതുനിരത്തിലെ നിയമലംഘനം സൈബര്‍ ലോകത്ത് വന്‍ പ്രചാരം നേടിയിരുന്നു.
അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും യു ട്യൂബില്‍ അപ് ലോഡ് ചെയ്തതിനുമാണ് 22 കാരനായ ഇന്ത്യക്കാരനെ അറസ്റ്റു ചെയ്തത്. ഉദേ്യാഗസ്ഥന്റെ കുടുംബാംഗങ്ങളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
യുഎഇ ഉദേ്യാഗസ്ഥന്റെ വാഹനത്തില്‍ വാന്‍ തട്ടിയതാണ് തര്‍ക്കത്തിന് കാരണമായത്. പ്രകോപിതനായ ഉദേ്യാഗസ്ഥന് ഇന്ത്യക്കാരനായ വാന്‍ ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. ഇന്ത്യക്കാരനെ മര്‍ദ്ദിച്ചതിന് യുഎഇ ഉദേ്യാഗസ്ഥനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം തടവും 10,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ.
അതേ സമയം, മര്‍ദന രംഗം പകര്‍ത്തിയ ഇന്ത്യന്‍ യുവാവിനെ ചോദ്യം ചെയ്തു വരികയാണ്. ഇയാള്‍ക്കെതിരെ കുറ്റമൊന്നും ചുമത്തിയിട്ടില്ല. ചോദ്യം ചെയ്യലിനു ശേഷമായിരിക്കും തുടര്‍ നടപടിയെന്ന് ദുബായ് പോലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഖാമിസ് മത്തര്‍ അല്‍ മുസൈന പറഞ്ഞു. അനുമതിയില്ലാതെ രംഗങ്ങള്‍ പകര്‍ത്തിയെന്ന് തെളിഞ്ഞാല്‍ രണ്ടു വര്‍ഷം തടവും 20,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ.




