ഗ്ലോബല്‍ വില്ലേജില്‍ ഷോപ്പിംഗ് വാതായനം തുറന്നു

കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കേരളത്തിന്റെ പ്രഥമ രാജ്യാന്തര ഷോപ്പിംഗ് ഉത്സവമായ ഗ്ലോബല്‍ വില്ലേജിന് ബോള്‍ഗാട്ടിയിലെ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഗ്രൗണ്ടില്‍ പ്രൗഢോജ്വലമായ തുടക്കം. കേരളത്തിന്റെ കലാ സാംസ്‌കാരിക സമ്പന്നത തുടിച്ചു നിന്ന വര്‍ണശബളമായ ഉദ്ഘാടന ചടങ്ങോടെ പത്തൊമ്പത് നാള്‍ നീണ്ടു നില്‍ക്കുന്ന ഷോപ്പിംഗ് മാമാങ്ക ലഹരിയിലേക്ക് കൊച്ചി ഉണര്‍ന്നു.
വികസന രംഗത്ത് കഴിഞ്ഞ കാലങ്ങളിലുായ നഷ്ടങ്ങള്‍ നികത്തിക്കൊണ്ട് നമ്മുടെ മുന്നിലുള്ള സാധ്യതകളും അവസരങ്ങളും പൂര്‍ണമായി പ്രയോജനപ്പെടുത്തനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഗ്ലോബല്‍ വില്ലേജ് എന്ന് മേള ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി പറഞ്ഞു.

കൊച്ചി ഗ്ലോബല്‍ വില്ലേജിനെ വരും വര്‍ഷങ്ങളില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഗ്ലോബല്‍ വില്ലേജാക്കി മാറ്റുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടൂറിസം വകുപ്പ് മന്ത്രി ശ്രീ എ പി അനില്‍കുമാര്‍ പറഞ്ഞു. എക്‌സൈസ് മന്ത്രി കെ.ബാബു രാജ്യാന്തര പവലിയനും പൊതുമരാമത്തുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ദേശീയ പവലിയനും ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് കേരള പവലിയനും ഹൈബി ഈഡന്‍ എം.എല്‍.എ ഫുഡ് പവലിയനും ഉദ്ഘാടനം ചെയ്തു.

എം.പിമാരായ കെ.പി ധനപാലന്‍, ഡോ.ചാള്‍സ് ഡയസ്, എം.എല്‍.എമാരായ എസ്.ശര്‍മ, ഡോമിനിക് പ്രസന്റേഷന്‍, അഡ്വ. ജോസ് തെറ്റയില്‍, ബെന്നി ബെഹനാന്‍, അന്‍വര്‍ സാദത്ത്, ലൂഡി ലൂയിസ്,നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ എം.എ.യൂസുഫ് അലി, കൊച്ചി മേയര്‍ ടോണി ചമ്മണി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് വെടിക്കെട്ടും ലേസര്‍ഷോയും ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ കലാവിരുന്നും ചലച്ചിത്രപിന്നണി ഗായകരായ മഞ്ജരിയും വിധുപ്രതാപും നയിച്ച സംഗീതവിരുന്നും അരങ്ങേറി.

 

Share news
error: Content is protected !!
Scroll to Top