കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡിന്‌ അപേക്ഷിക്കാം

കേരള മീഡീയ അക്കാദമിയുടെ 2015-ലെ മാധ്യമ അവാര്‍ഡുകള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു. 2015 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ്‌ പരിഗണിക്കുക. ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്‌, മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്‌, മികച്ച പ്രാദേശിക ലേഖകനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ്‌, മികച്ച ഹൂമന്‍ ഇന്ററസ്റ്റ്‌ സ്റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡ്‌, മികച്ച ന്യൂസ്‌ ഫോട്ടോഗ്രാഫര്‍ക്കുള്ള അക്കാദമി അവാര്‍ഡ്‌, ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള അക്കാദമി അവാര്‍ഡ്‌ എന്നിവയ്‌ക്കാണ്‌ എന്‍ട്രികള്‍ ക്ഷണിച്ചത്‌.
റിപ്പോര്‍ട്ടില്‍/ഫോട്ടോയില്‍ ലേഖകന്റെ/ഫോട്ടോഗ്രാഫറുടെ പേര്‌ ചേര്‍ത്തിട്ടില്ലെങ്കില്‍ സ്ഥാപനത്തിന്റെ മേലധികാരിയുടെ ഇതു സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കണം. ഒരാള്‍ക്ക്‌ പരമാവധി മൂന്ന്‌ എന്‍ട്രികള്‍ വരെ അയയ്‌ക്കാം. എന്‍ട്രിയുടെ ഒരു ഒറിജിനലും മൂന്ന്‌ കോപ്പികളും സഹിതം 2016 മാര്‍ച്ച്‌ 20 നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്‌, കൊച്ചി, 682030 വിലാസത്തില്‍ ലഭിക്കണം. കവറിനു പുറത്ത്‌ ഏത്‌ വിഭാഗത്തിലേക്കുള്ള എന്‍ട്രിയാണ്‌ എന്നു രേഖപ്പെടുത്തണം.

Share news
error: Content is protected !!
Scroll to Top