മലപ്പുറം: മതവികാരം കച്ചവടമാക്കി പ്രവാചകന് മുഹമ്മദ് നബിയുടേതെന്ന് പറഞ്ഞ് ഒരു മുടി ഇറക്കുമതി ചെയ്ത് പള്ളി നിര്‍മിക്കാനെന്ന പേരില്‍ വിശ്വാസി സമൂഹത്തെ വഞ്ചിച്ച് കോടികള്‍ പിരിച്ചെടുത്ത ശേഷം നിര്‍മിക്കാനുദ്ദേശിക്കുന്ന പള്ളി മുടി സൂക്ഷിക്കാന്‍ വേണ്ടിയല്ലെന്ന കാന്തപുരത്തിന്റെ ചുവടുമാറ്റം തീര്‍ത്തും വഞ്ചനാപരമാണെന്ന് ആഗോള മതപണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി പറഞ്ഞു.
പ്രവാചകന്റെ മുടി സൂക്ഷിക്കാനായാണ് പള്ളി നിര്‍മിക്കുന്നതെന്ന് നാടു നീളെ പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചപ്പോഴാണ്, അനുകൂലികളല്ലാത്തവര്‍ പോലും കോടിക്കണക്കിന് രൂപ നല്‍കിയത്. എന്നാല്‍ ഹൈകോടതി നോട്ടീസയച്ചതിനെത്തുടര്‍ന്ന് വിഷയം ഗൗരവപരമാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ കേസില്‍ നിന്ന് തലയൂരാനാണ് മുടി സൂക്ഷിക്കാനല്ല പള്ളി എന്ന സത്യവാങ്മൂലവുമായി കാന്തപുരം രംഗത്തു വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇത്രമാത്രം തെളിവുകളും ആധികാരികത കണ്ടെത്താനുള്ള മാര്‍ഗങ്ങളും നിലനില്‍ക്കെ ചിലരുടെ താല്പര്യത്തിന് മാത്രം വഴങ്ങി ആധികാരികത കണ്ടെത്താന്‍ നിലവില്‍ സംവിധാനങ്ങളില്ലെന്നുള്ള കേരള സര്‍ക്കാറിന്റെ വാദമാണ് ഇതിലേറെ വിചത്രമെന്നും നദ്വി വ്യക്തമാക്കി. നേരത്തെ തന്നെ വിവിധ വ്യക്തികളും സംഘടനകളും വഴി മുഖ്യമന്ത്രി, അഭ്യന്തരമന്ത്രി, ഡി.ജി.പി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും അന്വേഷിക്കാത്ത കേരളസര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് അന്വേഷണത്തിനു പോലും മുതിരുന്നത്. ഇത് കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലിം സമൂഹത്തോട് ഭരണകൂടം ചെയ്ത തെറ്റായ നടപടിയായിപ്പോയെന്നും നദ്വി പറഞ്ഞു.




