ഓണം വാരാഘോഷം വന്‍ വിജയം;  എല്ലാവര്‍ക്കും നന്ദി: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ ഇക്കൊല്ലത്തെ ഓണം വാരാഘോഷ പരിപാടികള്‍ ഗംഭീര വിജയമായതില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ചു.  വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കൃത്യമായ ഏകോപനത്തോടെ, എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചതുകൊണ്ടുമാത്രമാ ണ് ഓണാഘോഷ പരിപാടികള്‍ ഏറ്റവും മികച്ചതാക്കാന്‍ കഴിഞ്ഞത്.  സര്‍ക്കാര്‍ – സര്‍ക്കാരേതര വകുപ്പുകളിലെ ജീവനക്കാര്‍, വിവിധ സാംസ്‌ക്കാരിക സംഘടനകള്‍, സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും എന്നിവയെല്ലാം വലിയ സഹകരണമാണ് സര്‍ക്കാരിന് നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങ് മുതല്‍ അവസാനിക്കുന്നതുവരെ വിവിധ വേദികളില്‍ വ്യത്യസ്തമായ കലാ പരിപാടികളാണ് അരങ്ങേറിയത്.  സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നെത്തിയ വിവിധ മേഖലകളിലെ കഴിവുറ്റ കലാപ്രവര്‍ത്തകരുടെ നിര്‍ലോഭമായ സഹകരണം ഈ വേദികളിലാകമാനമുണ്ടായി.
ഏറ്റവും മെച്ചപ്പെട്ട ക്രമസമാധാനപാലനത്തിലൂടെ പോലീസ് സേന ഒരിക്കല്‍ കൂടി അഭിമാനമായി.  പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ അടിസ്ഥാനമാക്കിയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.  വിവിധ വകുപ്പുകളുടെ മികച്ച ആസൂത്രണവും ഇക്കാര്യത്തില്‍ ഉണ്ടായതായി മന്ത്രി പറഞ്ഞു.

ഓണാഘോഷ പരിപാടികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ മുഖ്യമന്ത്രി, പൂര്‍ണ സഹകരണം നല്‍കിയ  മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ,് എം.എല്‍.എമാര്‍, എം.പിമാര്‍, വിവിധ ജനപ്രതിനിധികള്‍, വിവിധ വകുപ്പുകള്‍, മാധ്യമങ്ങള്‍, ഓണാഘോഷവുമായി എല്ലാ വിധത്തിലും സഹകരിച്ച ബഹുജനങ്ങള്‍ എന്നിവര്‍ക്കെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ നന്ദി മന്ത്രി അറിയിച്ചു.

Share news
error: Content is protected !!
Scroll to Top