ഒരു തെങ്ങിന്‍ തൈ കുഴിച്ചിടുമ്പോള്‍ തൊട്ട് ശരിയായ രീതിയില്‍ പരിചരണം അത്യാവശ്യമാണ്. നല്ല രീതിയില്‍ പരിചരണം ലഭിക്കുന്ന ഒരു തെങ്ങില്‍ നിന്ന് നമുക്ക് നല്‍ കായ് ഫലവും ലഭിക്കും.
തെങ്ങിന്‍ തൈ നടുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍:- ഒരു മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴിയിലാണ് തെങ്ങിന്‍ തൈ നടേണ്ടത്. വെട്ടുകല്‍ മണ്ണാണ് (Laterite )എങ്കില്‍ ഒന്നേകാല്‍ മീറ്റര്‍ വരെ ആഴത്തില്‍ കുഴി എടുക്കണം.നേരത്തെ തന്നേ കുഴിയെടുത്ത് അടിയില്‍ കുറച്ച് കറിയുപ്പ് കൂടി ഇട്ടുകൊടുത്താല്‍ മണ്ണ് കുറച്ചുകൂടി ഇളക്കം ഉള്ളതാകും. ഇത്തരം മണ്ണുകളില്‍ ആഴത്തിലേക്ക് പോകുന്തോറും മണ്ണിന്റെ അസിഡിറ്റി കൂടും. മേല്‍മണ്ണിലേക്കാള്‍ അമ്ലത അടിമണ്ണില്‍ (sub soil )ഉണ്ടാകും.
ഈ അടിമണ്ണിന്റെ അസിഡിറ്റി (subsoil acidity) യെ ആദ്യം പരുവപ്പെടുത്തണം. അതിനായി കുഴി എടുത്ത ശേഷം മേല്‍മണ്ണും കുറച്ച് അടിമണ്ണും ഒരു അഞ്ച് കിലോ എങ്കിലും Phospho Gypsum (ഇത് ഫോസ്ഫറ്റിക് വളങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു ഉപോത്പന്നമാണ്. കട്ടി കൂടിയ മണ്ണിനെ ലൂസ് ആക്കാനും മണ്ണിന്റെ വായു സഞ്ചാരം കൂട്ടാനും കാല്‍സ്യം, സള്‍ഫര്‍ എന്നിവ മണ്ണില്‍ ലഭ്യമാക്കാനും ഇത് വഴി സാധിക്കും. ഇത് കിട്ടിയില്ലെങ്കില്‍ കുമ്മായപ്പൊടിയോ ഡോളോമൈറ്റോ ഉപയോഗിക്കാം.
മണ്ണും കുമ്മായവസ്തുക്കളും ചേര്‍ത്ത് നന്നായി കൂട്ടിക്കലര്‍ത്തി കുഴി പകുതി മൂടി രണ്ടാഴ്ച ചെറിയ ഈര്‍പ്പത്തോടെ ഇട്ടേക്കാം. നേരത്തേ തന്നെ തെങ്ങിന്‍ കുഴി എടുത്തിടാന്‍ പറയുന്നത് അത് കൊണ്ടാണ്.
ഇങ്ങനെ പാകം വന്ന മണ്ണിലേക്കാണ് നമ്മള്‍ ഒരു തെങ്ങിന്‍ തൈ നടേണ്ടത്.9-12 മാസം പ്രായമുള്ള 4-5 ഓലകള്‍ ഉള്ള കഴുത്തു വണ്ണം നാലിഞ്ച് എങ്കിലുമുള്ള ഒലക്കാലുകള്‍നേരത്തെ വിരിഞ്ഞു തുടങ്ങിയ തൈകള്‍ തെരെഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
തെങ്ങിന്‍ തൈ വച്ച് കഴിഞ്ഞാല്‍ ആ കുഴിയിലേക്ക് ഒരു കാരണവശാലും വലിയ അളവില്‍ മഴവെള്ളം ഇറങ്ങാന്‍ അനുവദിക്കരുത്. കുഴി എടുത്തതിന് ശേഷമുള്ള അടിമണ്ണ് കൊണ്ട് തെങ്ങിന്‍ കുഴിയ്ക്ക് ചുറ്റുമായി ഒരു ചെറിയ ബണ്ട് ഉണ്ടാക്കി വച്ചാല്‍ കുഴിയില്‍ വെള്ളം ഇറങ്ങാതെ സംരക്ഷിക്കാം.
തെക്ക് പടിഞ്ഞാറന്‍ വെയിലിന്റെ കാഠിന്യം കുറയ്ക്കാന്‍ അവിടെ ഓല കുത്തിചാരി നിര്‍ത്താം.
തെങ്ങിന്‍ തൈ വച്ച് കഴിഞ്ഞ് സ്യൂഡോമോണാസ് 20g/L ഡോസില്‍ ഒഴിച്ച് കടഭാഗം കുതിര്‍ത്ത് കൊടുക്കാം. ഇത് ഓരോ മാസവും ആവര്‍ത്തിക്കാം.
ഇനി വളപ്രയോഗത്തെ കുറിച്ച് അറിയാം
തെങ്ങിന് പ്രധാനമായും വേണ്ടത്
1. കുമ്മായം /Dolomite
2. ജൈവ വളങ്ങള്‍ (അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, പച്ചില വളങ്ങള്‍, തെങ്ങിന്റെ തന്നെ അവശിഷ്ടങ്ങള്‍ മുതലായവ
3 . NPK വളങ്ങള്‍ (യൂറിയ, റോക്ക് ഫോസ്‌ഫേറ്റ്, പൊട്ടാഷ് )
അല്ലെങ്കില്‍ Factomfos +Potash അല്ലെങ്കില്‍ 10:5:20 എന്ന മിശ്രിത വളം
4. മഗ്നീഷ്യം സപ്ലിമെന്റ്
5. ആവശ്യമെങ്കില്‍ ബോറോണ്‍ അടങ്ങിയ വളങ്ങള്‍ (Borax )
തൈ നട്ട് കഴിഞ്ഞാല്‍ മൂന്നാം മാസം മുതല്‍ വളപ്രയോഗം തുടങ്ങാം. മേടപ്പത്തിനാണ് തൈ നട്ടത് എങ്കില്‍ ആ വര്‍ഷം ജൂലൈ മാസത്തില്‍ ഒന്നാമത്തെ വളം കൊടുക്കാം.
വലിയ ഒരു തെങ്ങിന് കൊടുക്കേണ്ട വളത്തിന്റെ പത്തിലൊന്ന് വളം മാത്രം കുഞ്ഞിത്തെങ്ങിന് കൊടുക്കാം.
ഇനി അടുത്ത വളം കൊടുക്കേണ്ടത് അടുത്ത വര്‍ഷം ഏപ്രില്‍ -മെയ് മാസത്തിലാണ്.
ആ സമയത്ത് വലിയ തെങ്ങിന് കൊടുക്കുന്നതിന്റെ മൂന്നിലൊന്ന് വളം കൊടുക്കണം. അത് രണ്ട് തവണകള്‍ ആക്കി കൊടുക്കാം. മൊത്തം വളത്തിന്റെ മൂന്നിലൊന്ന് ആ മാസവും ബാക്കി മൂന്നില്‍ രണ്ട് ഭാഗം സെപ്റ്റംബര്‍ -ഒക്ടോബര്‍ മാസവും.
ഇനി തൊട്ടടുത്ത കൊല്ലമാണ് വളം കൊടുക്കേണ്ടത്. അപ്പോള്‍ വലിയ തെങ്ങിന് കൊടുക്കേണ്ട വളത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം കൊടുക്കണം. അതിന്റെ മൂന്നിലൊന്ന് ഏപ്രില്‍ -മെയ് മാസത്തിലും മൂന്നില്‍ രണ്ട് ഭാഗം സെപ്റ്റംബര്‍ -ഒക്ടോബര്‍ മാസത്തിലും കൊടുക്കാം. ഇപ്പോള്‍ തെങ്ങിന്റെ കൗമാര പ്രായമാണ്.
ഇനി മൂന്നാം കൊല്ലം പൂര്‍ണ വളര്‍ച്ചയെത്തിയ തെങ്ങായി പരിഗണിച്ചു വേണം വളം കൊടുക്കാന്‍.
ആ വര്‍ഷത്തെ മൊത്തം വളത്തിന്റെ മൂന്നിലൊന്ന് ഏപ്രില്‍ -മെയ് മാസത്തിലും മൂന്നില്‍ രണ്ട് ഭാഗം സെപ്റ്റംബര്‍ -ഒക്ടോബര്‍ മാസത്തിലും കൊടുക്കാം.
ഇനി തെങ്ങിന് വളം കൊടുക്കേണ്ട സമീപനം എങ്ങനെ ആയിരിക്കണം എന്ന് നോക്കാം.
എല്ലാ തെങ്ങും ഒരേയിനത്തില്‍പ്പെട്ടതോ, ഒരേ പ്രായമുള്ളതോ ഒരേ വിളവ് കിട്ടുന്നതോ അല്ല എന്ന് നമുക്കറിയാം. വര്‍ഷത്തില്‍ ശരാശരി വിളവ് (80 തേങ്ങാ) കിട്ടുന്ന തെങ്ങിന് കൊടുക്കേണ്ടുന്ന വളം എന്തൊക്കെയാണ് എന്ന് നോക്കാം.
നിശ്ചിത എണ്ണം തേങ്ങകള്‍ ഉണ്ടാകാന്‍ ഒരു തെങ്ങ്, മണ്ണില്‍ നിന്നും നിശ്ചിത അളവില്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, സള്‍ഫര്‍, മഗ്‌നീഷ്യം, ബോറോണ്‍, ക്‌ളോറിന്‍, സിങ്ക് എന്നിങ്ങനെ വിവിധ മൂലകങ്ങള്‍ വലിച്ചെടുക്കേണ്ടതുണ്ട്.
ഇതില്‍ ഓരോ മൂലകത്തിനും ഓരോ ധര്‍മ്മമായിരിക്കും ഉണ്ടാവുക. നൈട്രജന്‍ ഇലകളുടെ ഹരിതകത്തിന്റെ നില നില്‍പ്പ് നോക്കും. മഗ്നീഷ്യം അതിനെ പിന്തുണയ്ക്കും. ഫോസ്ഫറസ് വേരുകളെ ബലപ്പെടുത്തി കൂടുതല്‍ വെള്ളവും വളവും വലിച്ചെടുക്കാന്‍ സഹായിക്കും. പൊട്ടാസ്യം രോഗ കീട പ്രതിരോധ ശേഷി കൂട്ടുകയും വരള്‍ച്ചയെ നേരിടാന്‍ സഹായിക്കുകയും അന്നജ നിര്‍മ്മാണം ത്വരിതപ്പെടുത്തി തേങ്ങയുടെ ഉള്‍ക്കട്ടികൂട്ടുകയും ചെയ്യും. സള്‍ഫര്‍ അമിനോ ആസിഡുകളുടെ നിര്‍മ്മാണത്തെ സഹായിച്ചു കൂടുതല്‍ പ്രോട്ടീനും കൊഴുപ്പും കൂടുതലായി ഉണ്ടാകാന്‍ സഹായിക്കും. ബോറോണ്‍ ഇലകള്‍ക്ക് ശരിയായ ആകൃതിയും പരാഗണവും ഉറപ്പ് വരുത്തും. സിങ്ക്, മംഗനീസ്, ക്ലോറിന്‍ എന്നിവയൊക്കെ വിവിധ എന്‍സ്യമുകളുടെ ഉത്പാദനം വഴി ചെടിയുടെ മെറ്റബോളിസത്തെ സഹായിക്കും.കാല്‍സ്യം കോശഭിത്തി ബലപ്പെടുത്തും.
ഇത്തരത്തില്‍ തെങ്ങിന് ആവശ്യമായ പതിനേഴോളം മൂലകങ്ങള്‍ അതിന്റെ രണ്ട് മീറ്റര്‍ വ്യാസാര്‍ദ്ധത്തില്‍ തടത്തില്‍ ലഭ്യമാകത്തക്ക തരത്തില്‍ ആയിരിക്കണം വളപ്രയോഗം.
അങ്ങനെയെങ്കില്‍, ഒരു വര്‍ഷം, മഴയെ മാത്രം ആശ്രയിച്ചു വളം ചെയ്യുന്ന രീതിയില്‍ എന്തൊക്കെ വളങ്ങള്‍ മൂന്ന് കൊല്ലത്തിന് മേല്‍ പ്രായമുള്ള തെങ്ങിന് ചെയ്യണമെന്ന് നോക്കാം.
1. തെങ്ങിന് ചുറ്റുമായി ഒന്നേമുക്കാല്‍ മീറ്റര്‍ വ്യാസാര്‍ദ്ധത്തിലും ഒരടി ആഴത്തിലും സ്ഥിരമായി ഒരു തടം എടുത്തിടുന്നത് നന്നായിരിക്കും. (ഓരോ വര്‍ഷവും തടം തുറക്കുന്നതിന്റെയും പിന്നെ അത് മൂടുന്നതിന്റെയും കൂലിചെലവ് ഒഴിവാക്കാം )
2. തെങ്ങില്‍ നിന്നും രണ്ടടി അകലത്തിലുള്ള ഭാഗത്ത് വേരുകളുടെ ആഗിരണശേഷിയുള്ള അഗ്രഭാഗങ്ങള്‍ ഉണ്ടാകില്ല. അത് കൊണ്ട് വളങ്ങള്‍ കൊടുക്കുമ്പോള്‍ ആ ഭാഗം ഒഴിവാക്കാം. അതിനു ശേഷമുള്ള തടത്തിന്റെ ഭാഗത്ത് വേണം കുമ്മായവും വളവും ചേര്‍ത്ത് കൊടുക്കാന്‍.
3. വര്‍ഷത്തില്‍ മൂന്ന് തവണ എങ്കിലും കുമ്മായം /Dolomite ചേര്‍ത്ത് കൊടുക്കുന്നത് നല്ലതാണ്. ഏപ്രില്‍ -മെയ്, സെപ്റ്റംബര്‍ -ഒക്ടോബര്‍, ജനുവരി -ഫെബ്രുവരി. ഇത് ഒരു കിലോ മുതല്‍ രണ്ട് കിലോ വരെ ആകാം. കുമ്മായം ചേര്‍ക്കുമ്പോള്‍ ഒരു ചെറിയ ഈര്‍പ്പം മണ്ണില്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്.
4. കുമ്മായപ്രയോഗവും മറ്റേത് വളപ്രയോഗവും തമ്മില്‍ രണ്ടാഴ്ച ഇടവേള കൊടുക്കണം. ഇട്ട് കൊടുത്ത കുമ്മായത്തിന് മണ്ണില്‍ പ്രതിപ്രവര്‍ത്തിക്കാനുള്ള സമയമാണത്.
5. കുമ്മായം നല്‍കി പതിനഞ്ച് ദിവസം കഴിഞ്ഞാല്‍ ജൈവ വളങ്ങള്‍ കൊടുക്കാന്‍ പറ്റിയ സമയമാണ്. 80 തേങ്ങയില്‍ താഴെയാണ് വാര്‍ഷിക ഉത്പാദനമെങ്കില്‍ 25 കിലോയും അതിന് മുകളില്‍ തേങ്ങാ കിട്ടുന്നുവെങ്കില്‍ 50 കിലോയില്‍ കുറയാതെയും നല്‍കുന്നത് മണ്ണാരോഗ്യത്തെ (soil health ) സഹായിക്കും. മണ്ണില്‍ വായുസഞ്ചാരം ഉണ്ടാകാനും മിത്രസൂക്ഷ്മാണുക്കള്‍ നിലനില്‍ക്കാനും ഇത് ഉപകരിക്കും. ജൈവവളങ്ങള്‍ എന്നത് കൊണ്ടുദ്ദേശിക്കുന്നത് അഴുകിപ്പൊടിഞ്ഞ ചാണകം, ചാരം, പച്ചിലകള്‍, കരിയിലകള്‍, കമ്പോസ്റ്റുകള്‍, വിളയുടെ അവശിഷ്ടങ്ങള്‍ എന്നിവയാണ്. ഇവയ്ക്ക് പുറമെ നിമാവിരകളെയും വേര് തീനിപ്പുഴുക്കളെയും നിയന്ത്രിക്കാനുമായി 5 കിലോ ഗ്രാമില്‍ കുറയാതെ വേപ്പിന്‍ പിണ്ണാക്കും നല്‍കണം. തെങ്ങിന്റെ മുഴുവന്‍ അവശിഷ്ടങ്ങളും (ഓല, മടല്‍, ചൂട്ട്, കൊതുമ്പ്, തോണ്ട്, ചകിരി, ചിരട്ട മുതലായവ)തെങ്ങിന്‍ തടത്തില്‍ തന്നെ കിടന്ന് ദ്രവിയ്ക്കാന്‍ അനുവദിക്കണം.
6. അടുത്തതായി NPK വളങ്ങളാണ്.തെങ്ങിന് 2:1:4 എന്ന അനുപാതത്തിലാണ് N:P:K കൊടുക്കേണ്ടത്. നൈട്രജന്റെ പകുതി ഫോസ്ഫറസ്, നൈട്രജന്റെ ഇരട്ടി പൊട്ടാസ്യം. യൂറിയ, റോക്ക് ഫോസ്‌ഫേറ്റ്, മ്യൂറിയെറ്റ് ഓഫ് പൊട്ടാഷ് (MoP)രൂപത്തില്‍ മിക്‌സ് ചെയ്ത് നല്‍കുന്നതാണ് കര്‍ഷകന് ലാഭകരം. ഒരു തെങ്ങിന് ഒരു വര്‍ഷം ഏതാണ്ട് 750 ഗ്രാം യൂറിയ, 850 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ്,1150 ഗ്രാം പൊട്ടാഷ് എന്ന അളവ് രണ്ട് തവണകളായി കൊടുക്കണം. ഏപ്രില്‍ -മെയ് മാസങ്ങളില്‍അതിന്റെ മൂന്നിലൊന്നും സെപ്റ്റംബര്‍ ഒക്ടോബര്‍ മാസത്തില്‍ അതിന്റെ മൂന്നില്‍ രണ്ടും എന്ന അളവില്‍.
7. മൊത്തം വളം 12 തുല്യതവണകളായി എല്ലാ മാസവും വേണമെങ്കിലും കൊടുക്കാം. കൂടുതല്‍ ഉത്പാദനമുള്ള തെങ്ങിന് കൂടുതല്‍ വളം കൊടുക്കണം. ജൈവ അവശിഷ്ടങ്ങള്‍ നന്നായി കൊടുക്കുന്നു എങ്കില്‍ നൈട്രജന്‍, റോക്ക് ഫോസ്‌ഫെറ്റ് എന്നിവ അധികമായി കൊടുക്കണമെന്നില്ല. പക്ഷേ പൊട്ടാഷ് ഇരട്ടിയാക്കി കൊടുക്കാം. അപ്പോള്‍ തേങ്ങയുടെ വലിപ്പവും ഉള്‍ക്കട്ടിയും നന്നായി കൂടും.
8. കുമ്മായം, ജൈവ വളങ്ങള്‍, NPK യുടെ മൂന്നിലൊന്ന് എന്നിവ കൊടുക്കുന്നതോടെ തെങ്ങിന്റെ ഒന്നാം വളം കഴിഞ്ഞു.
9. യൂറിയ, റോക്ക് ഫോസ്‌ഫെറ്റ്, പൊട്ടാഷ് എന്നിവയ്ക്ക് പകരമായി 10:5:20 എന്ന മിശ്രിത വളം ഏതാണ്ട് ഒന്നേകാല്‍ കിലോ ഒന്നാം വളമായി കൊടുക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ അല്പം വില കൂടും എന്നോര്‍ക്കുക.
10. ഇനി തുലാവര്‍ഷ മഴ തീരുന്നതിനു മുന്‍പ് (അതായത് സെപ്റ്റംബര്‍ -ഒക്ടോബര്‍ മാസത്തോടെ )തെങ്ങിന്റെ രണ്ടാം വളം നല്‍കാം.
11. നേര്‍വള രൂപത്തില്‍ ആണെങ്കില്‍ 500 ഗ്രാം യൂറിയ, 550 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ്, 800 ഗ്രാം പൊട്ടാഷ് എന്നിവ കൂട്ടിക്കലര്‍ത്തിയോ അല്ലെങ്കില്‍ രണ്ടെകാല്‍ കിലോ 10:5:20 എന്ന മിശ്രിതവളം ചേര്‍ത്ത് കൊടുക്കുകയോ ആകാം.
12. ഒപ്പം അരക്കിലോ മഗ്നീഷ്യം സള്‍ഫേറ്റ് നിര്‍ബന്ധമായും ചേര്‍ത്ത് കൊടുക്കണം. നിരന്തരമായ മഴ കൊണ്ട് മണ്ണിലെ മഗ്നീഷ്യം വേഗത്തില്‍ ഒലിച്ചുപോകാന്‍ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ ഓലകള്‍ വേഗത്തില്‍ മഞ്ഞളിച്ചു ഉണങ്ങിപ്പോകും. ഓലകള്‍ പച്ചപ്പോട് കൂടി ദീര്‍ഘനാള്‍ നില്‍ക്കാന്‍ മഗ്നീഷ്യം സള്‍ഫേറ്റ് പ്രയോഗം അനിവാര്യം.ഇതിലൂടെ തെങ്ങിന് ആവശ്യമായ സള്‍ഫര്‍ അഥവാ ഗന്ധകവും ലഭിക്കും.അത് തേങ്ങയുടെ കൊപ്ര യ്ക്ക് കൂടുതല്‍ കട്ടി നല്‍കും.
13. ഇനി ഏറ്റവും കൂടുതല്‍ ആളുകള്‍ നേരിടുന്ന പ്രശ്‌നമാണ് അമിതമായ മച്ചിങ്ങ കൊഴിച്ചില്‍. അതിന് നിരവധി കാരണങ്ങളുണ്ട്. എങ്കിലും പ്രധാന കാരണം തെങ്ങിന്‍ തടത്തിലെ ബോറോണ്‍ എന്ന സൂക്ഷ്മ മൂലകത്തിന്റെ കുറവാണ്. ശരിയായ ജൈവ വളപ്രയോഗത്തിലൂടെ അത് പരിഹൃതമാകും. ഇല്ലെങ്കില്‍ Borax രൂപത്തില്‍ നാല്പത് ഗ്രാം വിതം ഓരോ മൂന്ന് മാസം കൂടുമ്പോഴും നാല് തവണയായി ചേര്‍ത്ത് കൊടുക്കാവുന്നതാണ്.ഓലക്കാലുകള്‍ വിരിഞ്ഞു മാറാതെ നില്‍ക്കുക, പേട്ട് തേങ്ങ ഉണ്ടാകുക, തേങ്ങ വെടിച്ചു കീറുക, വലിയ തേങ്ങകള്‍ക്കൊപ്പം വെള്ളയ്ക്ക കൊഴിഞ്ഞു പോകാതെ കാണപ്പെടുക(ഒലി &Chicken symptom) എന്നതൊക്കെ മണ്ണില്‍ ബോറോണ്‍ കുറയുന്നതിന്റെ ലക്ഷണങ്ങളാണ്.
14. രണ്ടാം വള പ്രയോഗത്തിനു ശേഷം കരിയിലകളും ജൈവ അവശിഷ്ടങ്ങളും ഇട്ട് തെങ്ങിന്‍ തടം പുതയിടാം. അല്ലെങ്കില്‍ വട്ടക്കിളയല്‍ നടത്തി മഴവെള്ളം തടത്തില്‍ സംഭരിക്കാം.
15. ഇനി ഡിസംബര്‍ മുതല്‍ മെയ് മാസം വരെ നനയ്ക്കാന്‍ കഴിഞ്ഞാല്‍ വിളവ് ഇരട്ടിയാകും എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അങ്ങനെയുള്ള തോട്ടങ്ങളില്‍ NPK വളങ്ങള്‍ ഇരട്ടിയാക്കാം.ഡ്രിപ് ഇറിഗേഷന്‍ ആണ് ഏറ്റവും ഉചിതം. അങ്ങനെ എങ്കില്‍ ഒരു ദിവസം ഒരു തെങ്ങിന് 40 ലിറ്റര്‍ വെള്ളം മതിയാകും.
16. മണ്ണ് പരിശോധനയില്‍ ഫോസ്ഫറസ് കൂടുതല്‍ ഉണ്ടെന്ന് തെളിഞ്ഞാല്‍ റോക്ക് ഫോസ്‌ഫേറ്റ് വളം ഒഴിവാക്കാവുന്നതാണ്. പകരം ഫോസ്ഫോബാക്റ്റീരിയ അടങ്ങിയ ജീവാണുവളം ജൈവ വളത്തിനൊപ്പം ചേര്‍ത്ത് കൊടുത്താല്‍ മതിയാകും.
17. പൊട്ടാസ്യം എന്ന മൂലകത്തിന്റെ പകുതി സോഡിയം എന്ന മൂലകം ആയാലും തെങ്ങിന് കുഴപ്പമില്ല എന്ന് തെളിഞ്ഞിട്ടുണ്ട്. ആയതിനാല്‍ പൊട്ടാഷ് വളത്തിന്റെ പകുതി കറിയുപ്പ് ചേര്‍ത്ത് കൊടുത്താലും തെങ്ങിന് സന്തോഷം തന്നെ. വലിയ തെങ്ങിന് കടല്‍ വെള്ളം കൊണ്ട് നനയ്ക്കുക പോലും ചെയ്യാം.കടല്‍ തീരത്ത് ഏറ്റവും നന്നായി വളരുന്ന വിളയും തേങ്ങാണല്ലോ. പക്ഷേ തൈത്തെങ്ങ് കടല്‍ വെള്ളം കൊണ്ടുള്ള നന സഹിയ്ക്കില്ല.
18. ഇടയ്ക്കിടെ തെങ്ങിന്റെ തടത്തില്‍ വിതച്ച്, പൂക്കുമ്പോള്‍ പറിച്ച് അവിടെത്തന്നെ ഇട്ടു കൊടുക്കുന്നത് ഏറെ ഗുണം ചെയ്യും.
19. വേനല്‍ക്കാലത്ത് തെങ്ങിന്‍ തടത്തിലോ ചുറ്റുമായോ ചീര നട്ട് നനച്ചു വളര്‍ത്തുന്നത് തെങ്ങിനും ഗുണം ചെയ്യും.
20. തെങ്ങിന്റെ തടത്തിന്റെ പുറം ബണ്ടില്‍ ഇഞ്ചി, മഞ്ഞള്‍, കുറ്റിപ്പയര്‍ എന്നിവ വളര്‍ത്താം. അധിക വരുമാനം നേടാം.
21. തെങ്ങിനൊപ്പം ഇടവിളകള്‍ ചെയ്യുന്നത് തോട്ടത്തിലെ ജല സംരക്ഷണത്തിനും സൂക്ഷ്മജീവികളുടെ വളര്‍ച്ചയ്ക്കും വളരെ നല്ലതാണ്. പക്ഷേ അവര്‍ക്കുള്ള വളങ്ങള്‍ പ്രത്യേകമായി കൊടുക്കണം എന്ന് മാത്രം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




