ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായി രണ്ടാംവട്ടവും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റു. 37 വര്‍ഷത്തെ ചരിത്രം തിരുത്തിക്കൊണ്ടാണ് യോഗി അഞ്ച് വര്‍ഷത്തെ ഭരണത്തിനു ശേഷം തുടര്‍ച്ചയായ രണ്ടാംവട്ടവും മുഖ്യമന്ത്രിയായി അധികാരമേറ്റത്. വെള്ളിയാഴ്ചയാണ് യോഗിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് രണ്ടാംവട്ടവും അധികാരമേറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ വന്‍നിര സത്യപ്രതിജ്ഞയ്ക്കു സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.
ഉത്തര്‍പ്രദേശില്‍ സൗജന്യ റേഷന്‍ പദ്ധതി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. രണ്ടാം യോഗി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. കൊവിഡ് കാലത്ത് ആരംഭിച്ച പദ്ധതി ഈ മാസം അവസാനിക്കാനിരിക്കെയാണ് നീട്ടുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 31-ന് അവസാനിക്കേണ്ട പദ്ധതി ജൂണ്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്. സംസ്ഥാനത്ത് 15 കോടി ജനങ്ങള്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. യുപി അഡീഷണല്‍ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രിസഭ യോഗത്തിന് ശേഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തി.
ജനസംഖ്യയില്‍ ഇന്ത്യയില്‍ ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഹാത്രസ്, ഉന്നാവ്, ലഖിംപൂര്‍ഖേരി ഉള്‍പ്പടെ വിവിധ സംഭവങ്ങള്‍ കഴിഞ്ഞ ഭരണകാലത്ത് യോഗിക്ക് മേല്‍ നിഴല്‍ വീഴ്ത്തിയതാണ്. എന്നാല്‍ അതൊന്നും വോട്ടര്‍മാരെ സ്വാധീനിച്ചില്ല.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും പത്തു വര്‍ഷം തടവും ശിക്ഷ ഏര്‍പ്പെടുത്തുമെന്നതുള്‍പ്പടെ പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങളിലൂടെ ഭൂരിപക്ഷത്തിനെ ഒപ്പം കൂട്ടി. ഈ വാഗ്ദാനങ്ങള്‍ എത്രയും വേഗം യാഥാര്‍ഥ്യമാക്കാനാകും പുതിയ മന്ത്രിസഭയുടെ ആദ്യ ദൗത്യം.
അതേ സമയം പട്ടിണിയില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നിലുള്ള സംസ്ഥാനമാണ് ഇപ്പോഴും യുപി. തൊഴിലില്ലാത്ത യുവാക്കളുടെ എണ്ണവും കുത്തനെ ഉയരുകയാണ്. ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാതെ മുഖ്യമന്ത്രിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല.



