യാസ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഏഴ് ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏഴ് ട്രെയിനുകള്‍ റദ്ദാക്കി. നാഗര്‍കോവിലില്‍ നിന്ന് മെയ് 23ന് പുറപ്പെടുന്ന നാഗര്‍കോവില്‍ ജംഗ്ഷന്‍-ഷാലിമാര്‍ വീക്ക്ലി (ഗുരുദേവ്) സ്‌പെഷ്യല്‍ (ട്രെയിന്‍ നം. 02659), ഹൗറയില്‍ നിന്ന് മെയ് 24നു പുറപ്പെടുന്ന ഹൗറാ ജംഗ്ഷന്‍-കന്യാകുമാരി വീക്ക്ലി സ്‌പെഷ്യല്‍ (ട്രെയിന്‍ നം. 02665), ഷാലിമാറില്‍ നിന്ന് മെയ് 25നു പുറപ്പെടുന്ന ഷാലിമാര്‍-തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷ്യല്‍ (ട്രെയിന്‍ നം. 02642), തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് മെയ് 25നു പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍-സില്‍ചര്‍ വീക്ക്ലി (ആരോണൈ) സ്‌പെഷ്യല്‍ (ട്രെയിന്‍ നം. 02507), ഷാലിമാറില്‍ നിന്ന് മെയ് 26നു പുറപ്പെടുന്ന ഷാലിമാര്‍-നാഗര്‍കോവില്‍ ജംഗ്ഷന്‍ വീക്ക്ലി (ഗുരുദേവ്) സ്‌പെഷ്യല്‍ (ട്രെയിന്‍ നം. 02660), എറണാകുളം ജംഗ്ഷനില്‍ നിന്ന് മെയ് 24നും 25നും പുറപ്പെടുന്ന എറണാകുളം ജംഗ്ഷന്‍-പാറ്റ്‌ന ജംഗ്ഷന്‍ ബൈവീക്ക്ലി സ്‌പെഷ്യല്‍ (ട്രെയിന്‍ നം. 02643), പാറ്റ്‌നയില്‍ നിന്ന് മെയ് 27നും 28നും പുറപ്പെടുന്ന പാറ്റ്‌ന ജംഗ്ഷന്‍-എറണാകുളം ജംഗ്ഷന്‍ ബൈവീക്ക്ലി സ്‌പെഷ്യല്‍ (ട്രെയിന്‍ നം. 02644) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദം ശക്തിപ്രാപിച്ച് മെയ് 24ഓടെ ചുഴലിക്കാറ്റായി മാറിയേക്കും. തുടര്‍ന്ന് വടക്കുപടിഞ്ഞാറ് സഞ്ചരിച്ച് തീവ്രതയേറി ഒഡിഷ വെസ്റ്റ്ബംഗാള്‍ തീരത്ത് മെയ് 26 ഓടെ എത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒമാനാണ് ‘യാസ്’ എന്ന പേര് നിര്‍ദേശിച്ചത്. പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങള്‍ക്കാണ് ചുഴലിക്കാറ്റ് ഭീഷണി ഉയര്‍ത്തുന്നത്.

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. നിലവില്‍ ഈ പ്രദേശങ്ങളില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ മെയ് 23ഓടെ സുരക്ഷിത തീരങ്ങളിലേക്ക് മാറണമെന്നാണ് നിര്‍ദേശം.

ന്യൂനമര്‍ദത്തിന്റെ സഞ്ചാര പാതയില്‍ കേരളമില്ലെങ്കിലും ചൊവ്വാഴ്ച വരെ കേരളത്തില്‍ പലയിടത്തും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top