
കൊച്ചി: എഴുത്തുകാരനും ചിന്തകനും ആദിവാസി – ദലിത് പ്രവര്‍ത്തകനുമായ കെ എം സലിംകുമാര്‍ അന്തരിച്ചു. എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ചികിത്സയിലായിരുന്നു.
1949ല്‍ ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്തായിരുന്നു ജനനം. നാളിയാനി ട്രൈബല്‍ എല്‍.പി. സ്‌കൂള്‍, പൂച്ചപ്ര അറക്കുളം യു.പി. സ്‌കൂള്‍, മൂലമറ്റം ഗവ. സ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സിപിഐഎം (എംഎല്‍)ന്റെ സംഘാടകരില്‍ ഒരാളായിരുന്നു. 1975-ല്‍ അടിയന്തരാവസ്ഥകാലത്ത് 17 മാസം ജയില്‍ജീവിതം അനുഭവിച്ചു. ഡിആര്‍സിസിപിഐ (എംഎല്‍) സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.1999-ല്‍ ദലിത് ഐക്യസമിതി രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയത് സലിംകുമാറായിരുന്നു. രക്തപതാക, അധഃസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിന്‍, ദലിത് ഐക്യശബ്ദം ബുള്ളറ്റിന്‍ എന്നിവയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു. കേരള ദലിത് മഹാസഭയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു.
സംവരണവും സമവായത്തിന്റെ രാഷ്ട്രീയവും, ദലിത് പ്രത്യയശാസ്ത്രവും സമുദായവത്കരണവും, ഭൂമിയുടെ ജാതിയും രാഷ്ട്രീയവും, നെഗ്രിറ്റിയൂഡ് എന്നിവയാണ് പ്രധാന കൃതികള്‍. അയ്യങ്കാളിയുടെ ലോകവീക്ഷണം, സംവരണം ദലിത് വീക്ഷണത്തില്‍, ദലിത് ജനാധിപത്യ ചിന്ത, ഇതാണ് ഹിന്ദു ഫാസിസം വംശമേധാവിത്വത്തിന്റെ സൂക്ഷ്മതലങ്ങള്‍ എന്നീ കൃതികളും രചിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



