പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം ജന്മദിനം; ആശംസകള്‍ നേര്‍ന്ന് ലോക നേതാക്കള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം ജന്മദിനം. രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കുശേഷം ജനിച്ച പ്രഥമപ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ജവഹര്‍ലാല്‍ നെഹ്രുവിനുശേഷം മൂന്നാംവട്ടവും പ്രധാനമന്ത്രിയായ വ്യക്തി എന്ന നേട്ടം മോദിക്ക് സ്വന്തം. അമേരിക്കയുമായുള്ള വ്യാപാരചര്‍ച്ചകളില്‍ ഇന്ത്യയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചതും ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് തിരിച്ചടി നല്‍കിയതുമെല്ലാം ഈ ജന്മദിനത്തിന്റെ തിളക്കം കൂട്ടി.

പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയിട്ട് പതിനൊന്നു വര്‍ഷമായിരിക്കുന്നു. ഏറ്റവും കൂടുതല്‍കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസിതര പ്രധാനമന്ത്രി. രണ്ട് പൂര്‍ണ ഭരണകാലാവധി പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസിതര നേതാവ്. 2014-ല്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തതു മുതല്‍ സാമ്പത്തിക-സാങ്കേതികപുരോഗതിയ്ക്കും അടിസ്ഥാനസൗകര്യവികസത്തിനും ദേശീയ സുരക്ഷയ്ക്കും ഡിജിറ്റല്‍ സാക്ഷരതയ്ക്കും ശുചിത്വത്തിനും മുന്‍ഗണന നല്‍കുന്ന വീക്ഷണമാണ് മോദി പങ്കുവച്ചിട്ടുള്ളത്. 1950 സെപ്തംബര്‍ 17ല്‍ ഗുജറാത്തിലെ വഡ്നഗറില്‍ ജനിച്ച നരേന്ദ്ര ദാമോദര്‍ ദാസ് മോദി ആര്‍ എസ് എസ് പ്രവര്‍ത്തകനായാണ് പൊതുജീവിതം ആരംഭിച്ചത്.

1987-ല്‍ ബി ജെ പി ഗുജറാത്ത് ഘടകത്തിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറിയായി. 2001 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായശേഷം, 2014ലാണ് പ്രധാനമന്ത്രിപദത്തിലെത്തുന്നത്. നരേന്ദ്രമോദി നടപ്പാക്കിയ ശുചിത്വപ്രചാരണപരിപാടിയായ സ്വച്ഛ് ഭാരത് അഭിയാനും ആയുഷ്മാന്‍ ഭാരതും കോവിഡ് പ്രതിരോധയത്‌നവും വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടു എന്നാല്‍ നോട്ട് നിരോധനം, പൗരത്വഭേദഗതി, കര്‍ഷകനിയമം തുടങ്ങിയവ കടുത്ത വിമര്‍ശനത്തിനിടയാക്കി. 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ മൂന്നാംവട്ടവും പ്രധാനമന്ത്രിപദത്തിലെത്തി. അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചതും പഹല്‍ഗാം ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കിയതും ചൈനയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തിയതും ജി എസ് ടി പരിഷ്‌കരണനടപടികളിലൂടെ ജനങ്ങള്‍ക്കുമേലുള്ള നികുതിഭാരം കുറച്ചതും പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദിയുടെ പ്രതിച്ഛായ വര്‍ധിപ്പിച്ചിട്ടുണ്ട്.

പിറന്നാള്‍ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ രാജ്യത്തെ ആദ്യത്തെ പി എം മിത്ര പാര്‍ക്കിന് തറക്കല്ലിടും. ടെക്‌സ്‌റ്റൈല്‍ കമ്പനികളില്‍ നിന്നായി 23,000 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. അതേസമയം മോദിയുടെ കുട്ടിക്കാലം ആസ്പദമാക്കിയുള്ള ഹ്രസ്വചിത്രം ചലോ ജീത്തെ ഹെ അഞ്ഞൂറ് തിയറ്ററുകളില്‍ ഇന്ന് വീണ്ടും റിലീസ് ചെയ്യും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top