വനിതാ സംവരണ ബില്ല് ഇന്ന് പാർലമെന്റിൽ ചർച്ചയ്ക്ക്

ന്യൂഡൽഹി: വനിതാ സംവരണ ബിൽ അടക്കമുള്ളവ ചർച്ച ചെയ്യാനായി പാർലമെന്റിന്റെ 3 ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 2029-ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വനിതാ സംവരണം നടപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള നിയമഭേദഗതി ബിൽ കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘവാള്‍ ബില്ല് ലോക്സഭയിൽ അവതരിപ്പിക്കും.പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിലേ ബില്ല് പാസാക്കാൻ ആകൂ.

ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്നു സീറ്റ് വനിതകൾക്കായി സംവരണംചെയ്യും. പട്ടികജാതി/വർഗ വനിതകളെക്കൂടി ഉൾപ്പെടുത്തിയാണിത്. ലോക്സഭയിലെ അംഗബലം 850 ആകും. വനിതാപ്രാതിനിധ്യം 284 വരെയാകും. വനിതാസംവരണ സീറ്റുകൾ റോട്ടേഷൻ വ്യവസ്ഥയിലാണ് നിശ്ചയിക്കുക.ബിൽ ലോക്സഭ കടന്നാൽ ശനിയാഴ്ച്ച രാജ്യസഭയിൽ അവതരിപ്പിക്കും. ലോക്സഭ സീറ്റുകൾ 850 ആയി ഉയർത്തി വനിതാ സംവരണം നടപ്പാക്കാനുള്ള ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാനാണ് പ്രതിപക്ഷ തീരുമാനം. 2029ൽ വീണ്ടും അധികാരത്തിലെത്താനുള്ള വഴിതേടാനാണ് കേന്ദ്രം ബില്ല് കൊണ്ടു വരുന്നതെന്ന് ദില്ലിയിൽ ചേർന്ന പ്രതിപക്ഷ യോഗം വിലയിരുത്തി.അംഗങ്ങളുടെ എണ്ണം ഉയർത്താതെ നിലവിലെ 543 സീറ്റുകളിൽ മൂന്നിലൊന്ന് വനിതകൾക്ക് മാറ്റി വച്ചാൽ മാത്രം ഇന്ത്യ സഖ്യം അനുകൂലിക്കുമെന്നാണ് വിവരം. ബില്ല് പാസ്സാക്കാൻ 360 അംഗങ്ങൾ അനുകൂലിക്കണം.

ബില്ലിന്മേൽ ലോക്സഭയിൽ 18 മണിക്കൂറാണ് ചർച്ച നിശ്ചയിച്ചിട്ടുള്ളത്. ചർച്ചയുടെ ആദ്യദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. രാജ്യസഭയിൽ 16 മണിക്കൂറാണ് ചർച്ചയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്.

വനിതാ സംവരണം നടപ്പാക്കുന്നതിന്റെ ഭാ​ഗമായി മൂന്നു ഭേദ​ഗതി ബില്ലുകളാണ് 16 മുതൽ 18 വരെ നീളുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നത്. 131 -ാം ഭരണഘടനാ ഭേദഗതി ബില്‍, ഡിലിമിറ്റേഷന്‍ ബില്‍, കേന്ദ്രഭരണ പ്രദേശ ഭേദഗതി എന്നിവയാണ് അവതരിപ്പിക്കുക. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം പുനഃക്രമീകരിക്കാനാണ് നീക്കം. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ തന്നെ മണ്ഡല പുനഃക്രമീകരണം നടത്തുമെന്നാണ് ബില്ലിൽ പറയുന്നത്.

Share news
error: Content is protected !!
Scroll to Top