സ്ത്രീയുടെ ആരോഗ്യമാണ് സമൂഹത്തിന്റെയും ആരോഗ്യം: പി വി അബ്ദുല്‍ വഹാബ് എംപി

മലപ്പുറം:സ്ത്രീയുടെ ആരോഗ്യമാണ് കുടുംബത്തിന്റെ ആരോഗ്യമെന്നും അതോടൊപ്പം സമൂഹവും ആരോഗ്യമുള്ളതാവുമെന്ന് പി വി അബ്ദുല്‍ വഹാബ് എംപി. ആരോഗ്യവകുപ്പും ആരോഗ്യ കേരളം മലപ്പുറവും സംയുക്തമായി സംഘടിപ്പിക്കുന്ന സ്ത്രീ (ആരോഗ്യമുള്ള സ്ത്രീകള്‍, ശക്തമായ സമൂഹം) ക്യാംപയിന്റെ ഭാഗമായുള്ള ‘സ്ത്രീ’ ക്ലിനിക്കുകളുടെ ജില്ലാതല ഉദ്ഘാടനം നിലമ്പൂര്‍ ഗവണ്‍മെന്റ് ജില്ലാ ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാറും സംയുക്തമായി രൂപീകരിക്കുന്ന പദ്ധതികള്‍ എന്നും നല്ലതാണ്. ‘സ്ത്രീ’ ക്യാംപയിനില്‍ പുരുഷനും തുല്യ പങ്കാളിത്തമുണ്ട്. നമ്മുടെ നാട്ടില്‍ ക്ലിനിക്കുകളേക്കാള്‍ വേണ്ടത് രോഗപ്രതിരോധവും ആരോഗ്യം ഉറപ്പുവരുത്തുന്നതിനുള്ള ശക്തമായ ഇടപെടലുകളുമാണ്.

2023ല്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ആരോഗ്യസേവനങ്ങള്‍ നല്‍കുന്ന ‘സ്ത്രീ’ ക്യാംപയിന്റെ ഭാഗമായാണ് സ്ത്രീ ക്ലിനിക്കുകളുടെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചത്. സെപ്റ്റംബര്‍ 16 മുതല്‍ 2026 മാര്‍ച്ച് എട്ട് വരെയാണ് ക്യാംപയിന്‍ നടക്കുന്നത്. സ്ത്രീകളിലെ വിളര്‍ച്ച, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ക്ക് ആവശ്യമായ പരിചരണം നല്‍കുന്ന സ്ത്രീ ക്ലിനിക്കുകള്‍, പൊതുവായ ശാരീരിക പരിശോധന, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രതിരോധ കുത്തിവെപ്പുകള്‍, ഓറല്‍, ബ്രസ്റ്റ് ക്യാന്‍സര്‍ സ്‌ക്രീനിങ്, ജി ആര്‍ ബി എസ് പരിശോധന എന്നിവ നടത്തുന്ന അയല്‍ക്കൂട്ട സ്‌ക്രീനിങ് ക്യാംപുകള്‍, വിദഗ്ധ പരിശോധന സേവനങ്ങള്‍, ആശമാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരിലൂടെ സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്തുക എന്നിവയാണ് ക്യാംപയിനിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക പ്രതിജ്ഞ ചൊല്ലുകയും സമഗ്ര പ്രസവാനന്തര പരിരക്ഷ പദ്ധതിയായ ‘സ്വസ്തി’യുടെ പ്രകാശനം നിര്‍വഹിക്കുകയും ചെയ്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി എന്‍ അനൂപ് പദ്ധതി വിശദീകരിച്ചു. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. എന്‍ എന്‍ പമീലി, നിലമ്പൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അരുമ ജയകൃഷ്ണന്‍, നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ബി സുരേഷ് കുമാര്‍, സിഡിപിഒ പി.സി റജീന, ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ കെ കെ പ്രവീണ, ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ പി സാദിഖലി, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ വിന്‍സണ്‍ സിറില്‍, ആരോഗ്യ കേരളം ബി സി സി കണ്‍സള്‍ട്ടന്റ് ഇ ആര്‍ ദിവ്യ, നിലമ്പൂര്‍ ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top