HIGHLIGHTS : Women's Commission with public hearing to understand the problems of special category of women
സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വനിതകളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് കേരള വനിത കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് നടത്തും. ആദ്യഘട്ടമായി 11 മേഖലകളില്‍ ഉള്‍പ്പെടുന്ന വനിതകളുടെ പ്രശ്‌നങ്ങളാണ് മനസിലാക്കാന്‍ ശ്രമിക്കുന്നത്. അണ്‍ എയ്ഡഡ് സ്‌കൂളിലെ വനിത അധ്യാപകര്‍, ഹോം നഴ്‌സ്-വീട്ടുജോലിക്കാര്‍, വനിത ഹോം ഗാര്‍ഡ്‌സ്, കരാര്‍ ജീവനക്കാര്‍, സീരിയല്‍ മേഖലയിലെ വനിതകള്‍, വനിത മാധ്യമ പ്രവര്‍ത്തകര്‍, മത്സ്യ സംസ്‌കരണ യൂണിറ്റുകളിലെ വനിതകള്‍- മത്സ്യകച്ചവടക്കാരായ സ്ത്രീകള്‍, വനിത ലോട്ടറി വില്‍പ്പനക്കാര്‍, വനിത ഹോട്ടല്‍ ജീവനക്കാര്‍, ഒറ്റപ്പെട്ട സ്ത്രീകള്‍ തുടങ്ങിയവരുടെ പ്രശ്‌നങ്ങളാണ് പബ്ലിക് ഹിയറിംഗില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സ്ത്രീകള്‍ അനുഭവിക്കുന്ന തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ അവരില്‍നിന്നു നേരിട്ട് അറിയുകയാണ് പരിപാടിയുടെ ലക്ഷ്യം. സെപ്റ്റംബറില്‍ അഞ്ച് പബ്ലിക് ഹിയറിംഗുകള്‍ നടത്തും. ഇതില്‍ ആദ്യത്തെ പബ്ലിക് ഹിയറിംഗ് സീരിയല്‍ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 11ന് തിരുവനന്തപുരം തൈക്കാട് പൊതുമരാമത്ത് റസ്റ്റ്ഹൗസില്‍ നടക്കും. സെപ്റ്റംബര്‍ 16ന് എറണാകുളത്ത് കരാര്‍ ജീവനക്കാരുടെ പ്രശ്‌നങ്ങളും 19ന് പത്തനംതിട്ടയില്‍ ഹോം നഴ്‌സുമാരുടെ പ്രശ്‌നങ്ങളും 21ന് കോട്ടയത്ത് മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകളുടെ പ്രശ്‌നങ്ങളും 26ന് കണ്ണൂരില്‍ ലോട്ടറി വില്‍ക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങളും പബ്ലിക് ഹിയറിംഗില്‍ വിലയിരുത്തും. അതത് മേഖലകളിലെ സംഘടനകളുമായി ബന്ധപ്പെട്ട് പ്രതിനിധികളെ പബ്ലിക് ഹിയറിംഗില്‍ പങ്കെടുപ്പിക്കും. ഇതിനു പുറമേ അതത് മേഖലകളിലെ വനിതകള്‍ക്ക് നേരിട്ടും പങ്കെടുത്ത് പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാം.


ഓരോ മേഖലയിലെയും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും ഇതിനുള്ള പരിഹാര മാര്‍ഗങ്ങളും നിര്‍ദേശങ്ങളായി സര്‍ക്കാരിനു സമര്‍പ്പിക്കുമെന്ന് കേരള വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വനിതകളുടെ പ്രശ്‌നങ്ങള്‍ മേഖല തിരിച്ച് കണ്ടെത്തി പരിഹരിക്കുന്നതിന് വേണ്ടിയാണ് പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കുന്നതെന്നും ഇതിലൂടെ സ്ത്രീകളുടെ മുന്നേറ്റത്തിന് ആക്കം കൂട്ടാന്‍ സാധിക്കുമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ പല വിധത്തില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു