കൊച്ചി: താര സംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. ഏറെ വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും തിരഞ്ഞെടുത്തു. ട്രഷറര്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഉണ്ണി ശിവപാലും ജയിച്ചു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന്‍ ചേര്‍ത്തലെയയും ലക്ഷ്മി പ്രിയയെയും തിരഞ്ഞെടുത്തു. ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ശ്വേത മേനോനും ദേവനുമാണ് ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും മത്സരിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന്‍ ചേര്‍ത്തല, നാസര്‍ ലത്തീഫ്, ലക്ഷ്മി പ്രിയ എന്നിവരാണ് മത്സരിച്ചു. ഉണ്ണി ശിവപാല്‍, അനൂപ് ചന്ദ്രന്‍ എന്നിവര്‍ ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിച്ചു.
ആകെ 504 അംഗങ്ങള്‍ ഉള്ളതില്‍ 298 പേരാണ് വോട്ട് ചെയ്തത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് ഇത്തവണ സംഭവിച്ചിട്ടുണ്ട്. മമ്മൂട്ടി, ഫഹദ് ഫാസില്‍, നിവിന്‍ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി തുടങ്ങിയ താരങ്ങള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് ശതമാനം കുറവായിരുന്നെങ്കിലും ഏവരും ആകാംഷയോടെ ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു നടന്നത്.




